

ബെംഗളൂരു: കര്‍ണാകടയിലെ കോഗിലുവിലെ ബുള്‍ഡോസര്‍ രാജില്‍ കേരളത്തിലെ സിപിഐഎം ഇടപെടലുകളെ എതിര്‍ത്തെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി കര്‍ണാടക സിപിഐഎം. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിന് ഇരകളായവരെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ത്തിട്ടില്ലെന്ന് കര്‍ണാടകയിലെ സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു.
'വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാനത്തെ പാര്‍ട്ടി തന്നെ മതിയെന്ന' തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത് അത്ഭുതപ്പെടുത്തി. മാധ്യമങ്ങളില്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ പിന്‍വലിക്കണമെന്നും സിപിഐഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി അറിയിച്ചു.
'കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിന് ഇരകളായവരെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ ഒരു തരത്തിലും കര്‍ണാടകയിലെ സിപിഐഎം എതിര്‍ത്തിട്ടില്ല. 'വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാനത്തെ പാര്‍ട്ടി തന്നെ മതിയെന്ന' തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത് അത്ഭുതപ്പെടുത്തി. ഇത് കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല. 'കേരള നേതാക്കള്‍ ഇടപെടുന്നതില്‍ കര്‍ണാടക സിപിഐഎമ്മിന് അതൃപ്തി' എന്ന നിലയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നായി ശ്രദ്ധയില്‍പ്പെട്ടു. ഇതും ശരിയല്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയത് പിന്‍വലിക്കാനും വിവാദങ്ങളും പാര്‍ട്ടിയുടെ പ്രതിച്ഛായയെ താറടിക്കുന്നതും അവസാനിപ്പിക്കാനും ഈ പ്രസ്താവന വിശദീകരണമായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണം,' പാര്‍ട്ടി സെക്രട്ടറി കെ. പ്രകാശ് പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സിപിഐഎം നേതാക്കളും ഇടപെട്ടത് ശരിയായില്ലെന്ന് കര്‍ണാടക സിപിഐഎം ഘടകം അറിയിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ബുള്‍ഡോസര്‍ രാജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം, കെ.ടി. ജലീല്‍ എംഎല്‍എ എന്നിവര്‍ കോഗിലു സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്.