ബെംഗളൂരു:നിയമസഭയിൽ ആർഎസ്എസ് ഗണഗീതം ചൊല്ലിയതിൽ ക്ഷമാപണം നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ആർഎസ്എസ് ശാഖകളിൽ ചൊല്ലിവരുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന് തുടങ്ങുന്ന ഗണഗീതത്തിൻ്റെ വരികളാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കൂടിയായ ഡി. കെ. ശിവകുമാർ ആലപിച്ചത്.
താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും ആർഎസ്എസിനെക്കുറിച്ചും താൻ ആഴത്തിൽ പഠിച്ചിട്ടുണ്ടെന്ന് ബിജെപിയെ ബോധ്യപ്പെടുത്താനാണ് ഗണഗീതം പാടിയതെന്നും ശിവകുമാർ വിശദീകരിച്ചു.ഗാന്ധി കുടുംബമാണ് എൻ്റെ ദൈവം, ഗാനാലാപനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ശിവകുമാർ പറഞ്ഞു.
ഗാന്ധി കുടുംബത്തോടുള്ള തൻ്റെ ആജീവനാന്ത വിശ്വസ്തതയും കോൺഗ്രസിനോടുള്ള പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ശിവകുമാർ കാര്യം അവതരിപ്പിച്ചത്. നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ആർ.അശോകയെവിമർശിക്കാനാണ് താൻ ആർഎസ്എസ് ഗാനം ചൊല്ലിയതെന്നും അല്ലാതെ ആർഎസ്എസിനെ പ്രശംസിക്കാനല്ലെന്നും ശിവകുമാർ പറഞ്ഞു.
ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് 'ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു'എന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക സഭയിൽ ഉന്നയിച്ചു. ഇതിന് മറുപടിയായി ആര്‍എസ്എസിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഡി.കെ. ശിവകുമാർ ഗണഗീതി ചൊല്ലിയത്. അതേസമയം, സ്കൂൾ വിദ്യാർഥിയായിരിക്കെ ബെംഗളൂരുവിലെ രാജാജിനഗർ ഏരിയയിലെ ആർഎസ്എസ് ശാഖകളിൽ പങ്കെടുത്തിരുന്നതായി ശിവകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.