ട്രംപിന്റെ പേരില്‍ വ്യാജ ആപ്പ്, വിശ്വസിപ്പിക്കാന്‍ എഐ ചിത്രങ്ങള്‍; കർണാടകയിൽ തട്ടിയത് കോടികള്‍

പണം നിക്ഷേപിച്ച് കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നേട്ടം കൈവരിക്കാമെന്ന് ട്രംപ് അവകാശപ്പെടുന്ന തരത്തിലുള്ള എഐ ചിത്രങ്ങളായിരുന്നു ആപ്പില്‍ നല്‍കിയിരുന്നത്.
ട്രംപിന്റെ പേരില്‍ വ്യാജ ആപ്പ്, വിശ്വസിപ്പിക്കാന്‍ എഐ ചിത്രങ്ങള്‍; കർണാടകയിൽ തട്ടിയത് കോടികള്‍
Published on

കര്‍ണാടകയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്. 200 ഓളം നിക്ഷേപകരില്‍ നിന്നായി 2 കോടി രൂപയോളമാണ് തട്ടിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ട്രംപിന്റെ ചിത്രങ്ങളും വീഡിയോകളും ആപ്പില്‍ നല്‍കിയിരുന്നു. ഇതുവഴി നിക്ഷേപകരെ ആകര്‍ഷിച്ച് അജ്ഞാത സംഘം പണം തട്ടിയെടുക്കുകയായിരുന്നു.

'ട്രംപ് ഹോട്ടല്‍ റെന്റല്‍' എന്ന പേരിലായിരുന്നു ആപ്പ്. ലക്ഷ്വറി ഹോട്ടല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‍ഫോമില്‍ പണം നിക്ഷേപിച്ച് കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നേട്ടം കൈവരിക്കാമെന്ന് ട്രംപ് അവകാശപ്പെടുന്ന തരത്തിലുള്ള എഐ ചിത്രങ്ങളായിരുന്നു ആപ്പില്‍ നല്‍കിയിരുന്നത്.

1500 രൂപയ്ക്ക് അടുത്താണ് ആളുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീ ആയി വാങ്ങിയത്. ചിലര്‍ക്ക് ഇതിന് പകരം തുടക്കത്തില്‍ 500 രൂപയോ അല്ലെങ്കില്‍ ദിവസേന 30 രൂപ എന്ന നിരക്കില്‍ ചെറിയ തുകകളോ അവരുടെ വിശ്വാസം ലഭിക്കുന്നതിനായി ആപ്പ് നല്‍കി പോന്നു. ഉപഭോക്താവിന്റെ ഡാഷ്‌ബോര്‍ഡില്‍ 300 രൂപ ആയിക്കഴിഞ്ഞാല്‍ അവര്‍ക്ക് അത് പിന്‍വലിക്കാനുള്ള അവസരവും ആദ്യഘട്ടങ്ങളില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വിശ്വാസം നേടിയെടുത്ത് കഴിഞ്ഞ ശേഷം ലക്ഷങ്ങള്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് നിലയ്ക്കുമെന്നുമാണ് ഹവേരി പൊലീസ് സൂപ്രണ്ട് അന്‍ഷുകുമാര്‍ വെളിപ്പെടുത്തിയത്.

നാല് മാസത്തിനിടക്ക് 6 ലക്ഷം രൂപവരെ നിക്ഷേപിച്ചുവെന്നാണ് ഒരു അഭിഭാഷകന്‍ തന്റെ പരാതിയില്‍ പറയുന്നത്. ഹവേരി ജില്ലയില്‍ മാത്രം ഇതുവരെ 15 ഓളം പരാതികളാണ് ആപ്പിനെതിരെ ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com