ആവേശം ജനിപ്പിക്കുന്ന, തട്ടുപൊളിപ്പൻ,സിനിമാറ്റിക് പ്രസംഗം. തമിഴക വെട്രി കഴക പാർട്ടിയുടെ നയപ്രഖ്യാപനം മുതലിങ്ങോട്ട് തമിഴ് മക്കൾ കണ്ടത്. പ്രസംഗം കൊണ്ട് ജനത്തെ ഇളയ ദളപതി കയ്യിലെടുക്കുന്നതാണ്. താരം മണ്ണിലേക്ക് ഇറങ്ങിവന്നതോടെ റാലികൾക്ക് ജനസഹസ്രങ്ങളെത്തി. ഇതായിരുന്നു ടിവികെയുടെ കോൺഫിഡൻസ്. കരൂരിൽ ഇന്നലെ ഓവർ കോൺഫിഡൻസായി മാറിയതും അതുതന്നെ. വരുംദിവസങ്ങളിൽ ടിവികെയെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ എതിർപ്പുകൾ വിജയ് നേരിടേണ്ടിവരും. നടന്റെ ചെന്നൈയിലെ വീടിനെ നേരെ ഉയർന്ന ബോംബുഭീഷണി പോലും ടിവികെ യ്ക്ക് ഇനി മുന്നോട്ടുള്ള യാത്രയിൽ ഏറെ കരുതലുകൾ വേണമെന്നോർമിപ്പിക്കുണ്ട്.
എന്താണ് അപകടകാരണമെന്നതിലെ വിശദാംശങ്ങൾ ഇനി പുറത്തുവരാനുണ്ടെങ്കിലും വേലുച്ചാമിപുരത്തെ ദുരന്തഭൂമിയിലുണ്ടായത് ഇതാണ്. പത്ത് രൂപ മിനിസ്റ്റർ എന്ന് കളിയാക്കി പ്രസംഗിച്ച ശേഷം വിജയ് അപകടത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലേക്ക് വേഗം മടങ്ങിയപ്പോൾ കളിയാക്കപ്പെട്ട ഡിഎംകെ നേതാവ് സെന്തിൽ ബാലാജി കരൂർ മെഡിക്കൽ കോളജിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് പാതിരാത്രി വരെയുണ്ടായി എന്നതും ശ്രദ്ധേയമായി.
തമിഴക വെട്രി കഴകമായി മാറിയ വിജയ് മക്കൾ ഇയക്കത്തിന്റെ രാഷ്ട്രീയ തേരോട്ടത്തുടക്കമാണ് മൂന്ന് മഹാറാലികളിലൂടെ സംഭവിച്ചത് എങ്കിലും കരൂരിലേത് ഉയിരെടുത്ത റാലിയായി മാറി. വിജയിനെതിരായ രാഷ്ട്രീയ വിമർശനത്തിന് ഇത് ഡിഎംകെ സഖ്യത്തിന് കൂടുതൽ കരുത്ത് പകരും. സംഭവമുണ്ടായ ഉടനെ വിജയ് തിരിച്ച് വീട്ടിലേക്ക് മടങ്ങിയതും വലിയ വിമർശനം സൃഷ്ടിച്ചു. ജനങ്ങൾക്കൊപ്പമുണ്ടെന്നും എല്ലാ മണ്ഡലത്തിലും ഒര് വിജയ് മത്സരിക്കുമെന്നും പ്രസംഗിച്ചിട്ട് അപകടം നടന്നപ്പോൾ വീട്ടിലേക്ക് പോയെന്നാണ് വിമർശനം കൂട്ടിയത്.
പുലർച്ചെയോടെ മുഖ്യമന്ത്രി സ്റ്റാലിൻ കരൂർ ആശുപത്രിയിലെത്തിയതും ഒട്ടും വൈകാതെ ജുഢീഷ്യൽ അന്വേഷണവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചതും ഡിഎംകെയുടെ പകത്വയുള്ള ഇടപെടലായി കണക്കാക്കാം. ടിവികെ വളരാനുണ്ടെന്ന സന്ദേശം ഇത് നൽകുന്നു. 5 മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ് രാഷ്ട്രീയത്തിൽ വിജയിനും പാർട്ടിയ്ക്കും കരൂർ ദുരന്തം ചോദ്യചിഹ്നമായി നിൽക്കും.