

നവംബർ 10ന് നടന്ന ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീർ സ്വദേശികളായ ഡോക്ടർമാർ അറസ്റ്റിലായതിനെ തുടർന്ന് രാജ്യമൊട്ടാകെ കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾക്കെതിരായ വിവേചനം വർധിക്കുന്നുവെന്ന് വിദ്യാർഥികൾ. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് പലയിടങ്ങളിലുമുള്ള കശ്മീരി വിദ്യാർഥികൾ. രാജ്യവ്യാപകമായി ഇവർക്ക് നേരെ ഭീഷണികൾ, ഹൗസ് ഓണർമാരിൽ നിന്നും അസുഖകരമായ പെരുമാറ്റം, പെട്ടെന്നുള്ള പുറത്താക്കൽ, പലചരക്ക് കടകളിൽ നിന്നും സാധനങ്ങൾ നൽകാതിരിക്കൽ തുടങ്ങിയവ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. പതിവ് സുരക്ഷാ പരിശോധനകൾ പോലും ഇപ്പോൾ പൂർണമായ അവിശ്വാസത്തിലേക്കും ഭീഷണിയിലേക്കും മാറിയതായും വിദ്യാർഥികൾ ആരോപിക്കുന്നു.
കൂടെയുള്ള ചില സഹപാഠികൾ തന്നെ തങ്ങളുടെ കുടുംബങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചന നൽകിയിട്ടുള്ളതായും ചില വിദ്യാർഥികൾ പറഞ്ഞു. സ്ഫോടനത്തിന് ശേഷം ഫരീദാബാദ് പൊലീസ് നഗരത്തിൽ കുറഞ്ഞത് 2,000 കശ്മീരി വിദ്യാർഥികളേയും വാടകക്കാരെയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഡൽഹി കാർ സ്‌ഫോടനത്തിൻ്റെ പേരിൽ രാജ്യത്തുടനീളം താമസിക്കുന്നതും പഠിക്കുന്നതുമായ കശ്മീരികളെ സംശയത്തോടെ കാണുകയോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് വിധേയമാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രിമാർ എന്നിവരോട് അഭ്യർഥിച്ചു.
ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് പിന്നാലെ ഉയർന്നുവരുന്ന വിഷയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം കൃത്യങ്ങൾക്ക് ഉത്തരവാദികളായവർ ഒരു ചെറിയ വിഭാഗം മാത്രമാണെന്നും ഇവർ ജമ്മു കശ്മീരിലെ ജനങ്ങളെ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നും ഊന്നിപ്പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കശ്മീരികളുടെ അന്തസും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ സർക്കാരുകളും മുൻകരുതൽ നടപടികൾ സ്വീകരിക്കണന്നും അദ്ദേഹം അഭ്യർഥിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ, മുഫ്തി ഇർഫാൻ അഹമ്മദ് വാഗേ, ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീൻ സയീദ് എന്നിവരാണ് അറസ്റ്റിലായത്.