

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹിന്ദു വിശ്വാസത്തിനും മതത്തിനും ജീവിതരീതിക്കും നേരെയുള്ള വലിയ വഞ്ചനയാണ് അയോധ്യയില്‍ നടന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണക്കാര്‍ അവരുടെ അധ്വാനത്തിന്റെ വിഹിതമാണ് ഭഗവാന് സമര്‍പ്പിച്ചത്. അതാണ് നാണമില്ലാതെ കൊള്ളയടിച്ചത്. ലക്ഷക്കണക്കിന് ജനങ്ങള്‍ പവിത്രമായി കരുതുന്ന സ്ഥലത്തിന്റെ വിശുദ്ധിക്ക് മേലാണ് പ്രഹരമുണ്ടാക്കിയിരിക്കുന്നതെന്ന് കത്തില്‍ വേണുഗോപാല്‍ പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ മൂക്കിനു താഴെയാണ് സംഘടിതമായ റാക്കറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. കൊള്ളയ്ക്ക് സംവിധാനത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു എന്നാണ് വീഴ്ചകള്‍ കാണിക്കുന്നത്.
ഒരു വശത്ത് സംഭാവന എണ്ണുന്ന ജീവനക്കാര്‍ നിരീക്ഷണങ്ങള്‍ വെട്ടിച്ച് കെട്ടുകണക്കിന് പണവും ആഭരണങ്ങളും കടത്തി. മറുവശത്ത്, ക്രിമിനല്‍ സംഘത്തിന്റെ നീക്കങ്ങള്‍ മറച്ചുവെക്കാന്‍ ഏഴെട്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ബോധപൂര്‍വം നശിപ്പിച്ചു.
കുറച്ച് ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കുന്ന കൊള്ളയല്ല ഇതെന്ന് വ്യക്തമാണ്. ഉന്നതരുടെ ഒത്താശയോടെ ആസൂത്രണം ചെയ്ത വലിയ അഴിമതിയാണിത്. മാത്രമല്ല, തട്ടിപ്പിനെ കുറിച്ചുള്ള പരാതികള്‍ ഒന്നുകില്‍ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്‌തെന്നാണ് മനസ്സിലാകുന്നത്.
2020-21 കാലഘട്ടത്തില്‍ തന്നെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുകയും സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ട്രസ്റ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറുടെ പരാതി കേള്‍ക്കുന്നതിനു പകരം, അദ്ദേഹത്തെ യാതൊരു മര്യാദയുമില്ലാതെ പദവിയില്‍ നിന്ന് നീക്കുകയാണ് ചെയ്തത്. ഇതുവരെ അറസ്റ്റിലായത് ചെറിയ മീനുകള്‍ മാത്രമാണെന്നും വേണുഗോപാല്‍ കത്തില്‍ പറയുന്നു. വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാനും തെളിവ് നശിപ്പിക്കാനും നിലവിലെ അന്വേഷണത്തെ ഉപയോഗിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, സംഭാവനകള്‍ എണ്ണുന്നതിലെ ക്രമക്കേടുകളെ കുറിച്ച് എസ്ബിഐ ചൂണ്ടിക്കാണിച്ചിരുന്നതായും ഉത്തരവാദികളായ ജീവനക്കാരെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്തതായും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സംഭാവനക്കൊള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്ന ആവശ്യം ആര്‍എഎസ്എസില്‍ നിന്നടക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.