തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും; രണ്ടാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങള്‍

എസ്‌ഐആര്‍ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ Image: ANI
Published on

ന്യൂഡല്‍ഹി: കേരളത്തിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം. രണ്ടാംഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പാക്കാനുള്ള 12 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. 12 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുനഃപരിശോധിക്കൽ പ്രക്രിയ നാളെ ആരംഭിക്കും.

എസ്‌ഐആര്‍ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. 2026 ഫെബ്രുവരി ഏഴിനകം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പരിഷ്‌കരണം ബിഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് എസ്‌ഐആര്‍ നീട്ടണമെന്നായിരുന്നു കേരളം തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നത്. നിയമപ്രകാരം എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും അല്ലെങ്കില്‍ ആവശ്യമുള്ളപ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിന് ആറ് മാസത്തില്‍ താഴെ സമയമുള്ളപ്പോള്‍ വോട്ടര്‍പട്ടിക പുതുക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു, ഇതിനു മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് നല്‍കിയത്.

1951 മുതല്‍ 2004 വരെ എട്ട് തവണ എസ്‌ഐആര്‍ നടപ്പാക്കിയിട്ടുണ്ട്. 21 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനം എസ്‌ഐആര്‍ നടന്നത്. 2002 മുതല്‍ 2004 വരെയായിരുന്നു അത്. കുടിയേറ്റമടക്കമുള്ള കാരണം മൂലം വോട്ടര്‍ പട്ടികയില്‍ മാറ്റം വന്നിട്ടുണ്ടെന്നും ഒരു വോട്ടര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും എസ്‌ഐആര്‍ നടപ്പാക്കുന്നതിനെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യുക, 'വിദേശികള്‍' ഉള്‍പ്പെടെ, തെറ്റായി ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ ഒഴിവാക്കുക എന്നിവയാണ് വോട്ടര്‍ പട്ടിക പുതുക്കേണ്ടതിന്റെ മറ്റ് കാരണങ്ങളെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com