
കിഷ്ത്വാര്‍: ജമ്മു-കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. അറുപത്തിയഞ്ച് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
പ്രളയത്തില്‍ എത്രപേരെ കാണാതായെന്ന് ഇനിയും വ്യക്തമായി മനസ്സിലാക്കാനായിട്ടില്ല. നൂറിലേറെ പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വ്യാഴാഴ്ചയാണ് ജമ്മു-കശ്മീരിലെ വിദൂര ഗ്രാമമായ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി പേര്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണിത്.
മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ ഒത്തുകൂടിയിരുന്നു. ഭൂരിഭാഗം പേരും മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ വീടുകളും റോഡുകളും ഒഴുകിപോയി. കമ്മ്യൂണിറ്റി കിച്ചണില്‍ നൂറ് കണക്കിനാളുകള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായതും.
മിന്നല്‍ പ്രളയത്തില്‍ 60 പേര്‍ മരിച്ചതായും നൂറ് കണക്കിനു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥിരീകരിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ചില പ്രദേശങ്ങള്‍ പൂര്‍ണമായും ഒലിച്ചു പോയിട്ടുണ്ട്. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായി അറിയില്ലെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞത്.
നൂറ് കണക്കിനു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ പൂജ ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും നിരവധി പേര്‍ ഒലിച്ചു പോയിട്ടുണ്ടെന്നുമാണ് കരുതുന്നത്. കാണാതായവരുടെ പട്ടിക വളരെ ഭയപ്പെടുത്തുന്നതാണെന്നും പൂജ ഠാക്കൂര്‍ പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്മ്യൂണിറ്റി കിച്ചണില്‍ മാത്രം 150 പേര്‍ ഉണ്ടായിരുന്നതാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്നലെ വരെ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതീക്ഷ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും പൂജ ഠാക്കൂര്‍ പറഞ്ഞു.
ചെനാബ് നദിയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. 180ല്‍ അധികം വരുന്ന എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേന സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും ഗതാഗതമാര്‍ഗം പുനസ്ഥാപിക്കാനാകാത്തതും വെല്ലുവിളിയാണ്. രക്ഷാ പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തിയാണ് രക്ഷാ ദൗത്യം നടത്തുന്നത്.