"ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ പീഡിപ്പിച്ചാല്‍ ..."; കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസില്‍ വിവാദ പരാമർശവുമായി തൃണമൂല്‍ എംപി

കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കാൻ എംപി വിസമ്മതിച്ചു
തൃണമൂല്‍ എംപി കല്യാണ്‍ ബാനർജി, മനോജിത് മിശ്ര
തൃണമൂല്‍ എംപി കല്യാണ്‍ ബാനർജി, മനോജിത് മിശ്രSource: NDTV
Published on

കൊല്‍ക്കത്തയില്‍ നിയമ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പരാമർശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി. സുഹൃത്തുക്കള്‍ ചേർന്ന് സുഹൃത്തിനെ പീഡിപ്പിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ശ്രീരാംപൂർ എംപി കല്യാണ്‍ ബാനർജിയുടെ പ്രസ്താവന. എംപിക്കെതിരെ ബംഗാളിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

"ഒരു സുഹൃത്ത് തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്തുചെയ്യാൻ കഴിയും. സ്‌കൂളുകളിൽ പൊലീസ് ഉണ്ടാകുമോ? ഇത് വിദ്യാർഥികൾ മറ്റൊരു വിദ്യാർഥിയോട് ചെയ്തതാണ്. ആരാണ് അവളെ (പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനി) സംരക്ഷിക്കുക?" ബാനർജി ചോദിച്ചു. ഈ കുറ്റകൃത്യങ്ങളും പീഡനങ്ങളും ചില പുരുഷന്മാരാണ് ചെയ്യുന്നതെന്നും ഇത്തരം വൈകൃതമുള്ളവർക്കെതിരെയാണ് സ്ത്രീകള്‍ പോരാടേണ്ടതെന്നും കല്യാണ്‍ ബാനർജി തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

അതേസമയം, കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കാൻ ബാനർജി വിസമ്മതിച്ചു. കുറ്റകൃത്യം ഏതെങ്കിലും പാർട്ടിയിലോ സംഘടനയിലോ മാത്രമായി ഒതുങ്ങുന്നില്ലെന്നായിരുന്നു എംപിയുടെ വാദം. സർക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതായി തോന്നുന്ന തരത്തിലുള്ള ഈ പരാമർശങ്ങൾ വലിയ വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

തൃണമൂല്‍ എംപി കല്യാണ്‍ ബാനർജി, മനോജിത് മിശ്ര
"ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു, ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കി നിന്നു"; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരപീഡനം

സൗത്ത് കൊല്‍ക്കത്ത ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ അടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോ കോളേജ് മുൻ വിദ്യാർഥിയും ക്രിമിനല്‍ അഭിഭാഷകനുമായ മനോജിത് മിശ്ര (31), ഒന്നാം വർഷ വിദ്യാർഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20), സെക്യൂരിറ്റി ഗാർഡ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ജനറല്‍ സെക്രട്ടറിയാണ് മനോജിത് മിശ്ര.

സംഭവ ദിവസം തൃണമൂൽ കോൺ​ഗ്രസിൻ്റെ വിദ്യാർഥി സംഘടനയുടെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി ​ഗാർഡ് റൂമിനടുത്ത് വെച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. വിവാഹാഭ്യർഥന നടത്തിയപ്പോൾ താൻ നിരസിച്ചു. തന്നെ വെറുതെ വിടണമെന്ന് ഒരുപാട് കരഞ്ഞ് അപേക്ഷിച്ചു. കാൽ പിടിച്ച് പറഞ്ഞു. എന്നാൽ, അവർ വിട്ടില്ല. 'എം', 'പി' എന്നിവർ തന്നെ 'ജെ'യോടൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടു. അതിനിടെ പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ, 'എം' ഇൻഹേല‍ർ കൊണ്ടുവന്ന് തന്നു. അതുപയോ​ഗിച്ചപ്പോൾ ചെറിയ ആശ്വാസം ലഭിച്ചു. അതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെല്ലാവരും ചേർന്ന് പിടികൂടി, പിന്നീട് 'ജെ' ബലാത്സം​ഗം ചെയ്തുവെന്നും, മറ്റുള്ളവർ നോക്കി നിന്നുവെന്നും പെൺകുട്ടി പറയുന്നു. ലൈംഗികാതിക്രമത്തിനിടെ പെൺകുട്ടിയെ പ്രതികൾ ഹോക്കി സ്റ്റിക് ഉപയോ​ഗിച്ച് അടിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com