കൊൽക്കത്തയിലെ കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. പ്രതികൾ ചേർന്ന് തന്നെ കോളേജിനകത്തേക്ക് വലിച്ചിഴച്ചുവെന്നും, തുടർന്ന് പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ കേസിലെ പ്രതിയായ മനോജിത് മിശ്ര തനിക്ക് ഇൻഹേലർ കൊണ്ടുവന്നു തന്നുവെന്നും, അത് ഉപയോഗിച്ച് കുറച്ച് ആശ്വാസം തോന്നിയതിന് പിന്നാലെ മറ്റൊരു മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
കേസിൽ ഇതുവരെ മനോജിത് മിശ്ര, പ്രോമിത് മുഖർജി, സെയ്ദ് അഹമ്മദ്, കോളേജ് ഗാർഡ് എന്നീ നാല് പ്രതികളാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ പ്രോമിത് മുഖർജിയും സെയ്ദ് അഹമ്മദും പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തതതായി അവർ കൂട്ടിച്ചേർത്തു. ഇനി വിളിക്കുമ്പോഴോക്കെ വരണമെന്നും അല്ലാത്ത പക്ഷം വീഡിയോ എല്ലാവരേയും കാണിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.
മാനോജിത് മിശ്ര തന്നെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. വിവാഹഭ്യാർഥനയും നടത്തി. എന്നാൽ താൻ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും ഈ ബന്ധത്തിന് താൽപ്പര്യമില്ലെന്നും പറഞ്ഞു. എന്നിട്ടും പ്രതി പിന്മാറാൻ തയ്യാറായില്ല. ഇതിനത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ബലാത്സംഗത്തിലെത്തിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. ലൈംഗികാതിക്രമത്തിനിടെ പ്രതികൾ ഹോക്കി സ്റ്റിക് ഉപയോഗിച്ച് അടിച്ചതായും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ലോ കോളേജിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. നിയമ വിദ്യാർഥിനിയെ രണ്ട് പ്രതികൾ കോളേജ് ഗേറ്റിൽ നിന്ന് കോളേജിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. മുഖ്യപ്രതി മനോജിത് മിശ്രയുടെ നിർദേശപ്രകാരം മറ്റ് പ്രതികളെ തന്നെ വലിച്ചിഴച്ച് ഗാർഡ് റൂമിലേക്ക് കൊണ്ടുപോയെന്ന നിയമ വിദ്യാർഥിനിയുടെ പരാതിയും ആരോപണങ്ങളും ശരിവെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
സംഭവത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. മുൻപ് പല വിദ്യാർഥികളോടും ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. അതിക്രമം നടത്തുന്നതിന് മുൻപ് മനോജിത് പെൺകുട്ടികളോട് വിവാഹാഭ്യാർഥനയും നടത്തിയിരുന്നു. സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കളെ കാണിക്കുന്നതും ഇയാൾക്ക് ഒരു ഹരമായിരുന്നുവെന്നും ഇവരുടെ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു.
മനോജിത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്ത് അതെല്ലാം കോളജ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. ജൂനിയർ വിദ്യാർഥികൾ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പരാതി അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. മനോജിത്തിനെ ഭയന്ന് ചില വിദ്യാർഥികൾ പഠനം തന്നെ നിർത്തുന്ന സ്ഥിതി വിശേഷമണ്ടായി. മികച്ച അക്കാദമിക് അന്തരീക്ഷമുള്ള കോളേജിൽ മനോജിത്തിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യൂണിയൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.