

ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സ്റ്റിങ് ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) മുന്‍ ജനറല്‍ സെക്രട്ടറി കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വിവാദങ്ങളും പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വ്യക്തമാക്കി, കെപിസിസി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമിയാണ് ഉത്തരവ് പുറത്തിറക്കിയത്.
ആരോപണങ്ങളില്‍ കൃപ ആല്‍വയോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ട്ടിക്ക് മുന്നില്‍ കൃപ ആല്‍വ മറുപടിയൊന്നും നല്‍കിയിരുന്നില്ല. അപകീര്‍ത്തികരമായ വീഡിയോക്ക് പിന്നില്‍ കൃപ ആല്വയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കോടതിയെ സമീപിച്ച് വീഡിയോ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവും സിദ്ധരാമയ്യ നേടിയിരുന്നു.
സിദ്ധരാമയ്യയ്ക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള വീഡിയോ സംബന്ധിച്ച് കര്‍ണാടക പൊലീസ് അന്വേഷണം നടത്തിയിരുന്നു. വ്യാജ സ്റ്റിങ് ഓപ്പറേഷനിലെ ലൈംഗികാതിക്രമ ആരോപണം കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയില്‍ പരാമര്ശിച്ചിരിക്കുന്നതുപോലെയുള്ള സംഭവം നടന്നതിനുള്ള സ്ഥിരീകരിക്കാവുന്ന മൊഴികളോ തെളിവുകളോ ഇല്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു.
2015 നും 2018 നും ഇടയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആൽവ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായിരുന്നു.