ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടം: കാരണം തേടി കര്‍ണാടക പൊലീസ്; അന്വേഷണം ആരംഭിച്ചു

അപകടത്തിൽപ്പെട്ട ബസിന്റെ എഞ്ചിൻഭാഗത്ത് നിന്നും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു
ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടം: കാരണം തേടി കര്‍ണാടക പൊലീസ്; അന്വേഷണം ആരംഭിച്ചു
Published on
Updated on

ബെംഗളൂരുവിന് സമീപം ബിഡദിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിൽ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. അപകടം സംബന്ധിച്ച് ദുരൂഹത ഉയർന്ന സാഹചര്യത്തിൽ, കെഎസ്ആർടിസി നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. അപകടത്തിൽപ്പെട്ട ബസിന്റെ എഞ്ചിൻഭാഗത്ത് നിന്നും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കവർച്ചാശ്രമത്തിനായി ബസിനു നേരെ മുട്ടയേറുണ്ടായതാകാം അപകട കാരണമെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് കേരളം അന്വേഷണം ആവശ്യപ്പെട്ടത്.

ഈ മാസം എട്ടാം തീയതിയാണ് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് ബിഡദിയിൽ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരായ രണ്ടുപേർ അപകടത്തിൽ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഈ മാസം പന്ത്രണ്ടിന് കാസർഗോഡ് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ ഇതേ സ്ഥലത്തുവച്ച് മുട്ടയേറ് ഉണ്ടായി. ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാർ മുന്‍പ് അപകടത്തിൽപ്പെട്ട ബസ് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ താഴെയുള്ള ഭാഗങ്ങളില്‍ മുട്ടയുടെ അംശം കണ്ടെത്തിയത്.

ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടം: കാരണം തേടി കര്‍ണാടക പൊലീസ്; അന്വേഷണം ആരംഭിച്ചു
രണ്ടുപേരുടെ ജീവനെടുത്ത ബസ് അപകടം; കാരണം മുട്ടയേറ്? അട്ടിമറിയോ കവര്‍ച്ചാശ്രമമോ? അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍ആര്‍ടിസി

അക്രമികള്‍ മുട്ടയെറിഞ്ഞതിനെത്തുടര്‍ന്ന് കാഴ്ച തടസപ്പെട്ട്, വാഹനം നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമായതെന്ന സംശയം ഇതോടെ ബലപ്പെട്ടു. പിന്നാലെയാണ് നിയമപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വിഷയത്തില്‍ കര്‍ണാടക പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബസിനുനേരെ മാത്രമല്ല, മറ്റു വാഹനങ്ങള്‍ക്കു നേരെയും സമാന ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വിശദമായ അന്വേഷണം നടത്തും. എന്താണ് സംഭവിച്ചതെന്ന് കെഎസ്ആര്‍ടിസിക്ക് അറിയണം. വിഷയം ഗൗരവത്തോടെ കാണണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപകടം അട്ടിമറിയാണോ എന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. വിഷയം പരിശോധിച്ചശേഷം, തുടര്‍ നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ കര്‍ണാടക സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അപകടകാരണം പുറത്തുകൊണ്ടുവരണമെന്നും മരിച്ച ഡ്രൈവർ മിഥിലേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടി ബസിനു മാത്രമല്ല, കഴിഞ്ഞമാസം 28ന് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ലോറിക്കു നേരെയും മുട്ടയേറ് ഉണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com