
മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീമാരെ ഛത്തീസ്ഗഡിലെ ജയിലില്‍ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍. ബിജെപിയുടെ വിഷമയമായ രഹസ്യ അജന്‍ഡയുടെ ഭാഗമാണ് കന്യാസ്ത്രീമാരുടെ അറസ്റ്റെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് പ്രതികരിച്ചു. അവര്‍ കടന്നു പോകുന്നത് വളരെ മോശം സാഹചര്യത്തിലൂടെയാണെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് വിതുമ്പുകയും ചെയ്തു.
'ബിജെപിയുടെ വിഷമയമായ രഹസ്യ അജന്‍ഡയുടെ ഭാഗമാണ് കന്യാസ്ത്രീമാരുടെ അറസ്റ്റ്. ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. പൊലീസുകാരുടെ മുന്നിലിട്ട് പെണ്‍കുട്ടികളെ മര്‍ദിച്ചു. കന്യാസ്ത്രീകളെ അസഭ്യം പറഞ്ഞു. കന്യാസ്ത്രീമാരിലൊരാള്‍ അപമാനിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു. ഞങ്ങള്‍ ഇന്ത്യക്കാരല്ലേ എന്നാണ് കന്യാസ്ത്രീകള്‍ ഞങ്ങളോട് ചോദിച്ചത്. അവര്‍ അഭിമുഖീകരിക്കുന്നത് വളരെ മോശമാണ്. അതുകൊണ്ടാണ് എഫ്‌ഐആര്‍ പിന്‍വലിച്ച് ഉടന്‍ തന്നെ അവരെ സ്വതന്ത്രരാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. നിയമം കൈയ്യില്‍ എടുത്തവരെ ശിക്ഷിക്കണം,' എന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
ജീവിച്ചിരുന്നെങ്കില്‍ മദര്‍ തെരേസയേയും അല്‍ഫോണ്‍സാമ്മയേയും വിലങ്ങണിയിച്ചേനെ. ചെയ്യാത്ത കുറ്റമാണ് കന്യാസ്ത്രകള്‍ക്ക് മേല്‍ ചുമത്തിയത്. ജാമ്യം മാത്രമല്ല കേസ് ഇല്ലാതാക്കണമെന്നും രാജ്യസഭാ എംപി ജോസ് കെ. മാണി പ്രതികരിച്ചു.
'ഇന്നലെ വന്നെങ്കിലും കന്യാസ്ത്രീകളെ കാണാനുള്ള അനുവാദം ലഭിച്ചില്ല. ഞങ്ങള്‍ ഇവിടെ തന്നെ തുടര്‍ന്നു. ഇന്ന് രാവിലെ വീണ്ടും വന്നു. കന്യാസ്ത്രീകളെ കണ്ടു. ഇതിനോടൊപ്പം ആദിവാസി പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെയും കണ്ടു. കന്യാസ്ത്രീമാരുമായി ദീര്‍ഘമായി തന്നെ സംസാരിച്ചു. വലിയ ഒരു അനീതിയാണ്. അത് നടത്തിയത് ആള്‍ക്കൂട്ടമല്ല, ഇവിടുത്തെ ഭരണസംവിധാനമാണ് ആ അനീതി നടത്തിയിരിക്കുന്നത്. അതില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച കേസാണ് ഇത്. ദേഹോപദ്രവം നടത്തുന്നതിനേക്കാള്‍ മോശം അവസ്ഥയിലാണ് അവര്‍ നേരിട്ട അസഭ്യം. അവര്‍ വിദേശികളാണ് എന്ന നിലയിലാണ് പറയുന്നത്. ജീവിച്ചിരുന്നെങ്കില്‍ മദര്‍ തെരേസയേയും അല്‍ഫോണ്‍സാമ്മയേയും വിലങ്ങണിയിച്ചേനെ. ചെയ്യാത്ത കുറ്റമാണ് കന്യാസ്ത്രകള്‍ക്ക് മേല്‍ ചുമത്തിയത്. ജാമ്യം മാത്രമല്ല കേസ് ഇല്ലാതാക്കണം,' ജോസ് കെ. മാണി പറഞ്ഞു.
കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. റെയില്‍വേയും പൊലീസും നോക്കുകുത്തികളായി എന്നും ആനി രാജ പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയെന്ന് പറയിപ്പിക്കാനായി സമ്മര്‍ദ്ദം ചെലുത്തി. ഒരു പകല്‍ മുഴുവന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിചാരണ പോലെ ചുറ്റംനിന്ന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി ആനി രാജ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആര്‍ത്രൈറ്റിസ് ഉള്ള ഇവരെ തറയിലാണ് കിടത്തുന്നത്. അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞത് ജയില്‍ അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ ചെറുപ്പക്കാരനെയും കണ്ടു. അവനെ അതിക്രൂരമായി മര്‍ദിച്ചു. പൊലീസിനെയും റെയില്‍വേ പൊലീസിനെയും നോക്കുകുത്തികളാക്കി ഈ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പരിശോധന നടത്തുകയും അവരെ ആക്രമിക്കുകയും അസഭ്യം പറയുകയും ഒക്കെ ചെയ്തത്. അമ്മയുടെ ഗര്‍ഭത്തില്‍ നിന്ന് നിങ്ങള്‍ എങ്ങനെ പുറത്ത് വന്നോ ആ ഗതി നിങ്ങള്‍ക്ക് ഉണ്ടാകും എന്നുവരെ കന്യാസ്ത്രീമാരോട് പറഞ്ഞു. ഇതിന്റെ അര്‍ഥമെന്താണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകില്ലേ,' ആനി രാജ ചോദിച്ചു.
രാജ്യത്തിന്റെ എല്ലാ സാമൂഹ്യ വ്യവസ്ഥയും തകര്‍ക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം നമുക്കുണ്ട്. അത് പ്രചരിപ്പിക്കാനുള്ള അവകാശവുമുണ്ട്. ഇവിടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡ വെച്ചുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനെയും എതിര്‍ക്കുക എല്ലാവരെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുക എന്ന അജന്‍ഡയാണ് അവര്‍ നടപ്പാക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
ഇത് കേരളത്തിനാകെ അപമാനമാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന്, ഇവിടെ സാമൂഹ്യ സേവനം നടത്തുന്ന കന്യാസ്ത്രീമാര്‍ ഈ രാജ്യത്തെ പൗരരല്ല എന്ന് പറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമം. അത് അവര്‍ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. മറ്റെല്ലാം ക്ഷമിക്കാം. പക്ഷെ ഞങ്ങള്‍ ഈ രാജ്യത്തെ പൗരരല്ലെന്ന് അവര്‍ പറയുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കന്യാസ്ത്രീമാര്‍ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വീണ്ടും ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.