പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് ഇടതു പാർട്ടികൾക്ക് നഷ്ടകണക്കാണ്. തുടക്കത്തിൽ കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍ ഒതുങ്ങിയപ്പോൾ ഇടതുപാര്‍ട്ടികള്‍ ഒന്‍പത് ഇടത്താണ് ലീഡ് ചെയ്തത്. വോട്ടെണ്ണലിന്റെ ഏറെ ഘട്ടങ്ങളിലും സിപിഐ(എംഎല്‍) ലിബറേഷന്‍ ഏഴ് സീറ്റുകളിലും സിപിഎം, സിപിഐ എന്നിവര്‍ ഓരോ സീറ്റിലും മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അടിപതറി. 2020ലെ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റ് നേടിയിടത്ത് ഇത്തവണ തല ഉയർത്തിയത് മൂന്നിടത്ത് മാത്രം.
സിപിഐഎംഎൽ, സിപിഐ, സിപിഐഎം എന്നിവർ 33 സീറ്റുകളിലാണ് മത്സരിച്ചത്. 20 സീറ്റുകളിൽ മത്സരിച്ച ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഐഎംഎല്ലിന് ജയിച്ചത് രണ്ടിടത്താണ്. 12 സീറ്റുണ്ടായിരുന്ന സിപിഐഎംഎൽ രണ്ട് സീറ്റിലൊതുങ്ങിയപ്പോൾ ബിഭൂതിപൂർ മണ്ഡലം സിപിഐഎം നിലനിർത്തി1995ൽ 26 സീറ്റുകളിൽ ജയിച്ച സിപിഐ, ഇക്കുറി ഒറ്റ സീറ്റിൽ പോലും വിജയം കണ്ടില്ല. ബിഭൂതിപൂർ സീറ്റിൽ സിപിഐഎം സ്ഥാനാർഥി അജയ് കുമാർ 10281 വോട്ടുകൾക്ക് വിജയിച്ചു. പലീഗഞ്ചിൽ സിപിഐംഎൽ സ്ഥാനാർഥി സന്ദീപ് സൗരവ് വിജയിച്ചു.
ഫലപ്രഖ്യാപനം വന്നപ്പോൾ 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. അവസാന ഫലപ്രഖ്യാപനം അനുസരിച്ച് ബിഹാറിൽ എൻഡിഎ 202 സീറ്റുകൾ ഉറപ്പിച്ച സ്ഥിതിയിലാണ്.
ബിഹാറില്‍ രണ്ട്ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടര്‍മാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടര്‍മാരും 62.8 ശതമാനം പുരുഷവോട്ടര്‍മാരുമാണ് ഇക്കുറി വോട്ട് ചെയ്തത്. പോളിങ് ശതമാനം ഉയർന്നത് ശക്തമായ അടിയൊഴുക്കുകൾക്ക് കാരണമാകുമെന്ന് ചർച്ചകൾ നടന്നിരുന്നു. എന്നാൽ എൻഡിഎയ്ക്ക് വിജയമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവന്നത്.