ധാരാവി... ധാരാവി എന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍ ഇതുകൂടി അറിയണം

തീപ്പെട്ടിക്കൂടുകള്‍ അടുക്കിപ്പെറുക്കി വെച്ചതുപോലുള്ള കൂരകള്‍ക്കുള്ളില്‍ കുറേ ജീവിതങ്ങള്‍. 'ഏഷ്യയിലെ ഏറ്റവും വലിയ ചേരി' എന്നാണ് ആ ജീവിതവ്യവസ്ഥയ്ക്ക് ലോകം നല്‍കിയിരിക്കുന്ന വിശേഷണം.
Dharavi Development Project
ധാരാവി Source: News Malayalam 24X7
Published on

'സ്വപ്നങ്ങളുടെ നഗരം' എന്ന വിളിപ്പേരുണ്ട് മുംബൈയ്ക്ക്. കോടീശ്വരന്മാര്‍, ബോളിവുഡ്, വന്‍കിട കോര്‍പ്പറേറ്റുകള്‍, കമ്പനി ഭീമന്മാര്‍, ആഭ്യന്തര-രാജ്യാന്തര ബിസിനസ് എന്നിങ്ങനെ പകിട്ടണിഞ്ഞാണ് ആ സ്വപ്ന നഗരിയുടെ നില്‍പ്പ്. ഈ ബിസിനസുകളുടെയെല്ലാം ഹബ്ബാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സ്. അവിടെ നിന്ന് പത്ത് മിനിറ്റ് സഞ്ചരിച്ചാല്‍ മറ്റൊരു ലോകത്തെത്താം; ധാരാവി. നാഗരികതയുടെ നിഴല്‍വെട്ടം പതിയാത്ത മുംബൈയിലെ മറ്റൊരു ലോകം. അവിടെ, തീപ്പെട്ടിക്കൂടുകള്‍ അടുക്കിപ്പെറുക്കി വെച്ചതുപോലുള്ള കൂരകള്‍ക്കുള്ളില്‍ കുറേ ജീവിതങ്ങള്‍. 'ഏഷ്യയിലെ ഏറ്റവും വലിയ ചേരി' എന്നാണ് ആ ജീവിതവ്യവസ്ഥയ്ക്ക് ലോകം നല്‍കിയിരിക്കുന്ന വിശേഷണം. അതുമൊരു ബിസിനസ് കേന്ദ്രമാണ്. മനുഷ്യരുടെ ദുരവസ്ഥയും നിസഹായതയും മുതലെടുത്തുകൊണ്ട് കുപ്പത്തൊട്ടിക്ക് ഇടംതേടുന്ന വമ്പന്മാരുടെ ബിസിനസ് കേന്ദ്രം. അതിനിടെ, ചെറുകിട വ്യവസായത്തിന്റെ സാധ്യതകള്‍ തുറന്നുവെച്ചാണ് ധാരാവിയിലെ ജനതയുടെ അതിജീവനം.

ഏകദേശം 620 ഏക്കറിലായാണ് ധാരാവി. ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചെത്താവുന്ന, അത്രയൊന്നും കെട്ടുറപ്പില്ലാത്ത വീടുകളിലും ചായ്പ്പുകളിലുമായി ഏഴ് മുതല്‍ 10 ലക്ഷം വരെ ആളുകളാണ് അവിടെ താമസിക്കുന്നത്. വലിയ വലിയ വികസന വാഗ്ദാനങ്ങള്‍ കേട്ടുകേട്ട് തഴമ്പിച്ച്, അവയെ സ്വപ്നങ്ങളില്‍ നിന്നുപോലും പടിയിറക്കിയവര്‍ തിങ്ങിനിറഞ്ഞൊരു ആവാസവ്യവസ്ഥ. ഭാവിയെക്കുറിച്ച് എന്തെങ്കിലും പ്രതീക്ഷകള്‍ ബാക്കിവെക്കണോ എന്ന് ഉറപ്പില്ലാത്തവര്‍. അവര്‍ അറിഞ്ഞോ അറിയാതെയോ ഒരു ബിസിനസിന്റെ ഭാഗമാണ്. മുംബൈ നഗരം തള്ളുന്ന മാലിന്യത്തിന്റെ 80 ശതമാനവും ശ്വസിക്കുകയും, അനുഭവിക്കുകയും ചെയ്യുന്നവരാണ് ധാരാവിയിലെ ജനത. 6500 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രം പ്രതിദിനം മുംബൈയില്‍ ഉണ്ടാകുന്നുണ്ട്. ആരെങ്കിലും വന്ന് നീക്കുംവരെ വൃത്തിയാക്കാതെയും, വേര്‍തിരിക്കാതെയും അവ മറ്റ് മാലിന്യങ്ങള്‍ക്കും അവശിഷ്ടക്കെട്ടുകള്‍ക്കുമൊപ്പം അങ്ങനെ കൂടിക്കിടക്കും. പിന്നീടത് ധാരാവിയുടെ പല ഭാഗങ്ങളിലേക്കെത്തും.

Dharavi Development Project
യൂറോപ്യൻ 'മാതൃരാഷ്ട്ര' സങ്കൽപ്പവും... 'ഭാരത മാതാവ്' വന്ന വഴിയും!

ഡല്‍ഹിയില്‍ 11,000 ടണ്ണോളവും ബെംഗളൂരുവില്‍ 900 ടണ്ണോളം ഖരമാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നത്. പക്ഷേ, അവിടെയൊക്കെ മാലിന്യം ശേഖരിക്കാനും, ആക്രി എടുക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കപ്പുറം ചെറിയ ചെറിയ ഏജന്‍സികളോ സംഘങ്ങളോ ഒക്കെയുണ്ട്. മുംബൈ നഗരത്തിന്റെ സ്ഥിതി അതല്ല. ഇങ്ങനെ തള്ളുന്ന മാലിന്യങ്ങളെല്ലാം ആദ്യമെത്തുന്നത് ആളുകള്‍ തിങ്ങിനിറഞ്ഞ ധാരാവിയിലേക്കാണ്. മുംബൈയുടെ തെരുവുകള്‍, ചെറുതും വലുതുമായ ഹോട്ടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് രാവിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതാണ് തുടക്കം. 10,000-12,000 പേരെങ്കിലും ചെറിയ കൂലിയില്‍ ആ തൊഴിലെടുക്കുന്നുണ്ട്. ഗ്ലൗസ് പോലും ഇടാതെയാണ് ഇവര്‍ മാലിന്യം ശേഖരിക്കാന്‍ ഇറങ്ങുന്നത്. കിലോമീറ്റര്‍ നടന്ന് ശേഖരിക്കുന്നതും, ചെറിയ വണ്ടികളില്‍ എത്തുന്നതുമായ മാലിന്യങ്ങള്‍ ധാരാവിയിലെ ചെറിയ റീസൈക്ലിങ് യൂണിറ്റുകളിലേക്ക് എത്തും.

മ്പന്നതയിലേക്കുള്ള പ്രയാണത്തിനിടെ ബോംബെ പുറന്തള്ളിയ മാലിന്യങ്ങളും അവശിഷ്ടങ്ങളുമൊക്കെ പേറിയാണ് ധാരാവി ഇന്നത്തെ അവസ്ഥയിലെത്തിയത്. അതിന്റെ ചരിത്രം പരതിയാല്‍ 1800കളില്‍ ചെന്നെത്തും.

15,000ലധികം ഒറ്റമുറി റീസൈക്ലിങ് യൂണിറ്റുകള്‍ ധാരാവിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പൊടിച്ചെടുക്കും. ഇവ വലിയ റീസൈക്ലിങ് യൂണിറ്റുകളിലേക്ക് എത്തുന്നതുവരെ, പ്രാദേശിക കച്ചവടക്കാര്‍, ഇടനിലക്കാര്‍, ശേഖരിക്കുന്നവര്‍ എന്നിങ്ങനെ അദൃശ്യമായൊരു വിതരണ ശൃംഖല അവിടെ രൂപപ്പെടുകയും ചെയ്യും. വലിയ റീസൈക്ലിങ് യൂണിറ്റുകളാണ് ഈ പ്ലാസ്റ്റിക് തരികള്‍ നിര്‍മാതാക്കള്‍ക്ക് വില്‍ക്കുന്നത്. അവ കുപ്പികള്‍, കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ പുതിയ ഉല്‍പ്പന്നങ്ങളായി തിരിച്ച് വിപണിയിലെത്തുകയും ചെയ്യും. ഇതിന്റെ തുടക്കം മാത്രമാണ് ധാരാവിയില്‍ സംഭവിക്കുന്നത്. അതായത്, വേര്‍തിരിക്കാത്ത, മണ്ണും വായുവും വെള്ളവും മലിനമാക്കുന്ന, മനുഷ്യാരോഗ്യത്തെ സാരമായി ബാധിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കുക.

ഇത്തരത്തിലൊരു മാലിന്യ സംസ്കരണ പരിപാടി, ധാരാവിയില്‍ പൊടുന്നനെ പിറവിയെടുത്തതല്ല. സമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടെ ബോംബെ പുറന്തള്ളിയ മാലിന്യങ്ങളും അവശിഷ്ടങ്ങളുമൊക്കെ പേറിയാണ് ധാരാവി ഇന്നത്തെ അവസ്ഥയിലെത്തിയത്. അതിന്റെ ചരിത്രം പരതിയാല്‍ 1800കളില്‍ ചെന്നെത്തും. അന്ന് ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന, കണ്ടല്‍ക്കാടുകളുള്ള ചതുപ്പ് നിറഞ്ഞൊരു പ്രദേശം. കോളി മുക്കുവരായിരുന്നു അവിടത്തെ ആദ്യ താമസക്കാര്‍ (കോളിവാഡ ). മത്സ്യബന്ധനം ഉള്‍പ്പെടെ ജീവനോപാധികള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞപ്പോഴാണ്, മുക്കുവര്‍ ഇവിടെനിന്ന് മാറിത്തുടങ്ങിയത്. പിന്നാലെ, ബോംബെയിലേക്ക് ജോലി അന്വേഷിച്ചെത്തുന്ന കുടിയേറ്റക്കാരുടെ താമസസ്ഥലമായി ധാരാവി മാറി.

ഗുജറാത്തില്‍ നിന്നും കൊങ്കണ്‍പ്രദേശത്തുനിന്നുമാണ് ആദ്യമായി ആളുകളെത്തിയത്. ഇവരിൽ സൗരാഷ്ട്രയിൽനിന്നു വന്ന കളിമൺപാത്ര നിർമാണക്കാരും ഉൾപ്പെടുന്നു. ധാരാവിയിൽ ഇന്ന് കാണുന്ന കുംഭർവാഡകൾ അങ്ങനെ വന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലിൽ വൈദഗ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടർ. തമിഴ്നാട്ടിൽനിന്ന് ധാരാവിയിലെത്തിയ മുസ്ലീങ്ങളായ തുകൽപ്പണിക്കാരാണ് ടാനിങ് വ്യവസായത്തിനു തുടക്കമിട്ടത്. ഉത്തർപ്രദേശിൽനിന്നു വന്ന എംബ്രോയ്ഡറി തൊഴിലാളികൾ റെഡിമെയ്ഡ് വസ്ത്രവ്യാപാരവും ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയവരാണ് മുറുക്ക്, ചിക്കി, മൈസൂർപാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങിയത്. ക്രമേണ പഴയ മുക്കുവഗ്രാമത്തിന്റെ ചരിത്രശേഷിപ്പുകള്‍ പോലും ഇല്ലാത്ത പുതിയൊരു ചേരിയായി ധാരാവി മാറി. നിരനിരയായുള്ള ചെറുവീടുകളില്‍ ഒറ്റയ്ക്കും കുടുംബമായും ആളുകള്‍ പാര്‍പ്പ് തുടങ്ങി. വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ, മുംബൈ നഗരത്തോട് ചേര്‍ന്നുള്ള ധാരാവി, ചെറുകിട ജോലി ചെയ്യുന്നവര്‍ക്കും, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം അത്താണിയായി.

Dharavi Development Project
നന്ദിയുണ്ടേ! വരവറിയാതെ ചെലവഴിപ്പിക്കുന്ന യുപിഐ

ബ്രിട്ടീഷ് ഭരണനാളുകളില്‍ തന്നെ ബോംബെ മാറിത്തുടങ്ങിയിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം ബോംബെ നഗരം വളര്‍ന്നുതുടങ്ങിയ കാലം. വ്യവസായിക മാലിന്യങ്ങള്‍ പതുക്കെ ധാരാവിയുടെ അരികുകളില്‍ വന്നുവീഴാന്‍ തുടങ്ങി. പതുക്കെ പതുക്കെ അതിന്റെ തോത് കൂടി. വ്യവസായിക മാലിന്യങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ സൗകര്യമുള്ള ഇടമായി ധാരാവി മാറി. അക്കാര്യം മാത്രം കണക്കിലെടുത്ത് വ്യവസായിക സ്ഥാപനങ്ങള്‍ക്കൊപ്പം ബിസിനസ് കേന്ദ്രങ്ങളും ധാരാവിക്കു ചുറ്റും തലപൊക്കി. വളരെ കുറഞ്ഞ ചെലവില്‍ മാലിന്യം തള്ളാന്‍ പറ്റുന്ന ഇടം എന്നതിനപ്പുറം എന്തെങ്കിലുമൊരു പരിഗണന ധാരാവിക്ക് കിട്ടിയതുമില്ല. സ്വാതന്ത്ര്യാനന്തരവും ധാരാവിക്ക് കാര്യമായ മാറ്റം സംഭവിച്ചില്ല. ആളുകളൊഴിഞ്ഞ ഇടങ്ങള്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളുമൊക്കെ തള്ളാനുള്ള ഡംപിങ് യാഡുകളായി മാറ്റപ്പെട്ടു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനൊപ്പം, തുകല്‍ വ്യവസായത്തിന്റെയും കളിമണ്‍ പാത്ര നിര്‍മാണത്തിന്റെയുമൊക്ക അവശിഷ്ടങ്ങളും മാലിന്യവുമൊക്കെ ചേര്‍ന്ന് ധാരാവിയെ വൃത്തിഹീനമാക്കിയിരുന്നു. അതിനൊപ്പമാണ് വേസ്റ്റ് ഡംപിങ് യാഡുകളും, റീസൈക്ലിങ് യൂണിറ്റുകളുമൊക്ക അങ്ങോട്ടെത്തുന്നത്. വളരെ ചെറിയ കൂലിയില്‍ തൊഴിലാളികളെ കിട്ടും, വലിയ കരാറുകളോ, ലൈസന്‍സുകളോ ഇല്ലാതെ തന്നെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാം. അതിനപ്പുറം എന്തുവേണം ഒരു ബിസിനസ് പടര്‍ന്ന് പന്തലിക്കാന്‍?

മുംബൈ നഗരത്തിന്റെ ഇത്തരം അനൗദ്യോഗിക മാലിന്യ നിര്‍മാര്‍ജനത്തിന് മറുവിലയാകുന്നത് ധാരാവിക്കാരുടെ ആരോഗ്യമാണ്. മാലിന്യമിശ്രണം വെറും കൈയ്യോടെയാണ് തൊഴിലാളികള്‍ വേര്‍തിരിക്കുന്നത്. മുറിവുകളും, അണുബാധകളും മുതല്‍ ആസ്ത്മ, ക്ഷയം, ഗുരുതര ശ്വസന രോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നുണ്ട്. മാലിന്യങ്ങള്‍, വിഷവസ്തുക്കള്‍, വിഷപ്പുക എന്നിവയുടെ നിരന്തര സമ്പര്‍ക്കം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തി, ധാരാവിയുടെ ആവാസ വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുന്നുണ്ട്.

ഉള്‍ക്കൊള്ളാവുന്നതിനപ്പുറമാണ് ധാരാവിയിലെ ജനക്കൂട്ടം. അവരില്‍ ഏറിയപങ്കും പൊതുജലവിതരണ സംവിധാനത്തെയും, കിണറുകളെയുമൊക്കെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മലമൂത്ര വിസര്‍ജനത്തിന് കമ്യൂണിറ്റി ടോയ്‌ലറ്റുകളാണ് ഭൂരിഭാഗവും (70 ശതമാനം) ആശ്രയിക്കുന്നത്. സാനിറ്റേഷന്‍ നടപടികള്‍ ഒട്ടും കാര്യക്ഷമമല്ല. മുംബൈയിലെ ചേരികളിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച പഠനത്തില്‍, ചേരികളിലെ മരണത്തില്‍ 89.6 ശതമാനത്തിലധികവും സംഭവിക്കുന്നത് ശ്വസനസംബന്ധമായ അസുഖം മൂലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദഹനപ്രശ്നങ്ങള്‍ (41.6 ശതമാനം), ബി.പി അല്ലെങ്കില്‍ ഹൃദ്‌രോഗങ്ങള്‍ (12.8) എന്നിങ്ങനെയാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിന്റെ സര്‍വേ റിപ്പോര്‍ട്ട്. ജലജന്യ രോഗങ്ങള്‍ ധാരാവിയെ സാരമായി ബാധിക്കുന്നുണ്ട്. 40 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാര കുറവും നേരിടുന്നുണ്ട്.

ചേരി നിര്‍മാര്‍ജനം, വികസനം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നീ വാഗ്ദാനങ്ങള്‍ സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. എന്നാല്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന്റെ രീതിയിലാണ് അവ ആദ്യകാലങ്ങളില്‍ രൂപംപ്രാപിച്ചത്. 1970കളില്‍ പൊലീസ് സഹായത്തോടെ ധാരാവിയിലെ ചേരിനിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയിരുന്നു. അത് കടുത്ത പ്രതിഷേധങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും കാരണമായി. 1987ല്‍ മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡെവലപ്‍മെന്റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ) പ്രധാനമന്ത്രി ഗ്രാന്റ് പ്രോജക്ടിന്റെ കീഴില്‍ ഏഴ് നിലകളുള്ള 27 കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇക്കാലമത്രയും കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. സ്ലം റിഹാബിലിറ്റേഷന്‍ സ്കീം നടപ്പാക്കാന്‍ സ്ലം റിഹാബിലിറ്റേഷന്‍ അതോറിറ്റിയെയും നിയമിച്ചിരുന്നു. 1995ല്‍ അതോറിറ്റിയെ പ്രഖ്യാപിച്ചതിനുശേഷം, 86 പദ്ധതികളാണ് അംഗീകരിക്കപ്പെട്ടത്. അതും പലവഴിയില്‍ ചിതറിത്തെറിച്ചു.

ഉള്‍ക്കൊള്ളാവുന്നതിനപ്പുറമാണ് ധാരാവിയിലെ ജനക്കൂട്ടം. അവരില്‍ ഏറിയപങ്കും പൊതുജലവിതരണ സംവിധാനത്തെയും, കിണറുകളെയുമൊക്കെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മലമൂത്ര വിസര്‍ജനത്തിന് കമ്യൂണിറ്റി ടോയ്‌ലറ്റുകളാണ് ഭൂരിഭാഗവും (70 ശതമാനം) ആശ്രയിക്കുന്നത്.

1990കളില്‍ മുകേഷ് മേഹ്‍ത്ത എന്നൊരു പ്രവാസി ഇന്ത്യക്കാരന്‍ ധാരാവി വികസന പദ്ധതിയുമായി മുന്നോട്ടുവന്നിരുന്നു. അതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ തന്നെ അഞ്ച് വര്‍ഷം അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു. 2004ല്‍ ആഗോള നിക്ഷേപകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതിക്കും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ പ്രാതിനിധ്യമില്ലാത്ത ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. 2018ല്‍ യുഎഇ ആസ്ഥാനമായുള്ള സെക്‌ലിങ്ക് ടെക്നോളജീസ് കോര്‍പ്പറേഷന്‍ ധാരാവി വികസന പ്രോജക്ടിനുള്ള കരാര്‍ സ്വന്തമാക്കിയിരുന്നു. 7200 കോടിയുടേതായിരുന്നു ടെന്‍ഡര്‍. എന്നാല്‍, റെയില്‍വേ ഭൂമി സംബന്ധിച്ച സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് ആ ടെന്‍ഡര്‍ സര്‍ക്കാര്‍ റദ്ദാക്കി. ഏറ്റവുമൊടുവില്‍ 2022-23ല്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തി. 5069 കോടിക്ക് ടെന്‍ഡര്‍ സ്വന്തമാക്കി. ധാരാവി റീഡെവലപ്‍മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (ഡിആര്‍പിപിഎല്‍) എന്ന പേരില്‍ വിശാലമായ സര്‍വേ ഉള്‍പ്പെടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് നടത്തി.

ഇതിനിടെ, അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കയതിനെ ചോദ്യം ചെയ്തുകൊണ്ട് സെക്‌ലിങ്ക് ടെക്നോളജീസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2018ലെ ടെന്‍ഡര്‍ റദ്ദാക്കിയത് ഉള്‍പ്പെടെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി കോടതി തള്ളി, പദ്ധതിയുമായി അദാനി ഗ്രൂപ്പിന് മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. ഡിആര്‍പിപിഎല്‍ പിന്നീട് നവഭാരത് മെഗാ ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ധാരാവി റീഡെവലപ്‍മെന്റ് പ്രോജക്ടുമായി മുന്നോട്ടുപോയി. പൊതു-സ്വകാര്യ (20:80) പങ്കാളിത്ത മോഡല്‍ പദ്ധതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആകെ 620 ഏക്കറില്‍ 430 ഏക്കറാണ് ധാരാവി റീഡെവലപ്മെന്റ് പ്രോജക്ടിനുള്ളത്. 272 ഏക്കറാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നത്. അതില്‍ 160 ഏക്കറാണ് പുനരധിവാസ പദ്ധതികള്‍ക്കുള്ളത്. ശേഷിക്കുന്ന ഭൂമി റോഡ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കുമായാണ് വേര്‍തിരിച്ചിരിക്കുന്നത്. വീടുകളും ഫ്ലാറ്റുകളുമായി 72,000 റിഹാബിലിറ്റേഷന്‍ യൂണിറ്റുകളും, 12,458 വാണിജ്യ-വ്യവസായ യൂണിറ്റുകളുമുണ്ടാകും. മൊത്തം 95,790 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ധാരാവി പ്രോജക്ടിനെതിരെയും ആരോപണങ്ങളേറെയുണ്ട്. ധാരാവിയുടെ ചെലവില്‍ മുംബൈയെ നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് പ്രധാന ആരോപണം. ധാരാവിയോട് ചേര്‍ന്നുള്ള ഭൂമി കൂടി പദ്ധതിക്കായി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ വിട്ടുനല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. പദ്ധതികൊണ്ട് ധാരാവിയിലെ പകുതി ജനങ്ങള്‍ക്കുപോലും പ്രയോജനമുണ്ടാകില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെല്ലാം പുറമേ, ബിജെപി സര്‍ക്കാരും അദാനി ഗ്രൂപ്പും തുടരുന്ന ചങ്ങാത്തവുമായി ബന്ധപ്പെട്ട് പദ്ധതിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. വലിയതോതില്‍ ജനങ്ങള്‍ പുറത്താക്കപ്പെടുമെന്നും, ചെറുതും വലുതുമായ വ്യവസായങ്ങളും ബിസിനസുമൊക്കെ ഇല്ലാതാക്കി ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയെന്ന ആരോപണവും പദ്ധതി നേരിടുന്നുണ്ട്. വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ധാരാവിയിലെ ജനസംഖ്യ 4.9 ലക്ഷം ആകുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവന അതിന് തെളിവാണെന്നും വിമര്‍ശകര്‍ പറയുന്നു. 2023ലെ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനു പിന്നാലെ, അദാനി ഗ്രൂപ്പിന്റെ പദ്ധതി താല്പര്യങ്ങളില്‍ ധാരാവിയിലെ ജനതയും സംശയം പ്രകടിപ്പിച്ചിരുന്നു.

Dharavi Development Project
കുടിയേറ്റ പാതകളില്‍ മരിച്ചുവീഴുന്നവര്‍; കണക്കുകള്‍ ആശങ്കപ്പെടുത്തുമ്പോള്‍

മുംബൈയെന്ന സ്വപ്നങ്ങളുടെ നഗരം ബാക്കിവെച്ച അഴക്കുചാലില്‍ നിന്നുകൊണ്ടാണ് ധാരാവി ജനതയുടെ അതിജീവനം. വിവിധ ദേശക്കാര്‍, ജാതിമതസ്ഥര്‍, സംസ്കാരങ്ങള്‍, ആഘോഷങ്ങള്‍... അസംഖ്യം ബിസിനസ് സംരംഭങ്ങള്‍. ടെക്സ്റ്റൈല്‍സ്, പ്ലാസ്റ്റിക് റീസൈക്ലിങ്, ഡൈയിങ്, അലൂമിനിയം മോള്‍ഡിങ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പാത്ര നിര്‍മാണം, ബോക്സ് നിര്‍മാണം തുടങ്ങി പപ്പടം, അച്ചാര്‍, ബീഡി, സാരി ഡിസൈനിങ്, കളിപ്പാട്ട നിര്‍മാണം എന്നിങ്ങനെ കുടില്‍ വ്യവസായങ്ങളുമുണ്ട്. പതിനായിരങ്ങളാണ് ഇത്തരം യൂണിറ്റുകളില്‍ ജോലിയെടുക്കുന്നത്. പ്രതിവര്‍ഷം 1-1.3 ബില്യണ്‍ ഡോളര്‍ വരുന്നതാണ് ധാരാവിയിലെ ബിസിനസ്. 'ഇന്‍ഫോര്‍മല്‍ ഇക്കോണമി'യിലൂടെ മുംബൈയുടെ ബിസിനസ് പുരോഗതിയില്‍ ധാരാവിയും സ്വന്തം പേര് എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട്, പ്രീണിപ്പിച്ചും ഭയപ്പെടുത്തിയും കുടിയൊഴിപ്പിക്കാതെ, ജീവനോപാധി ഉള്‍പ്പെടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ധാരാവിയില്‍ ഉണ്ടാകേണ്ടത്.

ഇക്കാലത്തിനിടെ ഒന്നും സംഭവിച്ചില്ല. ഇനിയും സംഭവിച്ചില്ലെങ്കില്‍ എന്താകും എന്ന് ചോദിച്ചാല്‍ , നഷ്ടം ധാരാവിയിലെ ജനങ്ങള്‍ക്ക് മാത്രമാണ്. നല്ല വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, ജീവിത സാഹചര്യം എന്നിവയൊന്നും ലഭിക്കാത്ത മറ്റൊരു തലമുറ കൂടി അവിടെ വളര്‍ന്നുവരും. അധികാരവര്‍ഗവും, ബിസിനസ് പ്രമാണിമാരുമൊക്കെ അപ്പോഴും ലാഭക്കൊതി വെടിയാതെ ധാരാവിയിലേക്ക് നോക്കിക്കൊണ്ടിരിക്കും. ചേരികളുടെ കഥ പറയുന്ന സിനിമകള്‍ രാജ്യാന്തര പ്രശസ്തി നേടും. ഡോളറുകള്‍ അടുക്കിയിട്ട ബാഗുമായി വെയിലുകായാന്‍ ഇന്ത്യയിലെത്തുന്ന വിദേശീയര്‍ക്കു മുന്നില്‍ 'സ്ലം ടൂറിസം' എന്ന ഓമനപ്പേരില്‍ ധാരാവി പിന്നെയും പിന്നെയും പ്രദര്‍ശിപ്പിക്കപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com