ജബൽപൂരിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയത് ബോട്ട് മുങ്ങി തുടങ്ങുമ്പോൾ; അപകടത്തിന് മുമ്പുള്ള ദ‍ൃശ്യങ്ങൾ പുറത്ത്

ബോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന വാദങ്ങൾ തെളിയിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ
ജബൽപൂരിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയത് ബോട്ട് മുങ്ങി തുടങ്ങുമ്പോൾ; അപകടത്തിന് മുമ്പുള്ള ദ‍ൃശ്യങ്ങൾ പുറത്ത്
Published on: 
Updated on: 

ഭോപ്പാൽ: ജബൽപൂരിലെ നർമദ നദിയിലിൽ അപകടത്തിൽ പെട്ട ക്രൂയിസ് ബോട്ടിനുള്ളിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടായ സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വൻ സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രക്കാർ ബോട്ടിലിരിക്കുമ്പോൾ പെട്ടെന്ന് വെള്ളം ഇരച്ചുകയറുന്നതും ആളുകൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബോട്ട് മുങ്ങാൻ തുടങ്ങുമ്പോഴാണ് ക്രൂയിസ് ജീവനക്കാർ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകി തുടങ്ങിയതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന വാദങ്ങൾ തെളിയിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ.

2021ലെ ഇൻലാൻഡ് വെസൽസ് റൂൾസ് പ്രകാരം ഓരോ യാത്രക്കാർക്കും ജലയാത്ര ആരംഭിക്കുന്നതിന് മുന്നേതന്നെ ലൈഫ് ജാക്കറ്റ് നൽകണമെന്നും ത് യാത്രക്കാർ ശരിയായ രീതിയിൽ ധരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാൽ ഈ അടിസ്ഥാന നിയമം പോലും ലംഘിച്ചിരുന്നെന്ന് ജബൽപൂരിലെ പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു.

മാത്രവുമല്ല 29 യാത്രക്കാർക്കുള്ള ടിക്കറ്റ് മാത്രമേ നൽകിയിട്ടുള്ളൂവെങ്കിലും ബോട്ടിൽ 40ലധികം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും മോശം കാലാവസ്ഥാ മുന്നറിയിപ്പും കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ട് പോലും ഈ ബോട്ടിന് ബാർഗി അണക്കെട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചെന്നതും വലിയ സുരക്ഷാ വീഴ്ചയാണ്.

അപടത്തിൽ ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. നിരവധി പേരെ ഇനിയും കാണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. നദിയിലെ ഒഴുക്ക് കൂടുതലായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com