മുംബൈ: വായ്പ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 3,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുംബൈയിലെ വസതി ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.
ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടി. മുംബൈ ബാന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. സംഭവത്തിൽ റിലയൻസ് ഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവ സ്വരൂപിച്ച പൊതു ഫണ്ട് വകമാറ്റി വെളുപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. 2017-2019 കാലയളവിൽ യെസ് ബാങ്ക് RHFLൽ 2,965 കോടി രൂപയും RCFLൽ 2,045 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 2019 ഡിസംബറോടെ ഇവ നോൺ-പെർഫോമിംഗ് നിക്ഷേപങ്ങളായി മാറിയെന്നും RHFL-ന് 1,353.50 കോടി രൂപയും RCFL-ന് 1,984 കോടി രൂപയും കുടിശികയുണ്ടെന്നും ഇഡി പറയുന്നു. ഓഗസ്റ്റിൽ കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു.