

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി ബില്ല് ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്.
'പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗര്‍ ഗാരന്റി യോജന' എന്നാക്കുമെന്നായിരുന്നു പുറത്തു വന്നത്. എന്നാല്‍, ബില്ല് ലോക്‌സഭയില്‍ എത്തിയപ്പോള്‍ മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാകി വിബി ജി റാം ജി എന്നാക്കുകയായിരുന്നു.
ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തില്‍ കയറി പ്രതിഷേധിച്ചു. ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, നിയമനിര്‍മ്മാണത്തെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തതായി സ്പീക്കര്‍ അറിയച്ചതോടെ, പേപ്പര്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. ബില്ല് ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.
പ്രിയങ്ക ഗാന്ധി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, സമാജ് വാദി നേതാവ് ധര്‍മേന്ദ്ര യാദവ് തുടങ്ങിയവര്‍ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. പേര് നീക്കം ചെയ്യുന്നത് രാഷ്ട്രപിതാവിനോടുള്ള അനീതിയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. ബില്ല് സംസ്ഥാനങ്ങള്‍ക്ക് അധിക ഭാരം ചുമത്തുമെന്ന പ്രതിപക്ഷ വാദവും അംഗീകരിക്കപ്പെട്ടില്ല.
കോണ്‍ഗ്രസ് നിയമങ്ങള്‍ക്ക് നെഹ്റുവിന്റെ പേര് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണെന്നും ബില്ലിനെ അനുകൂലിച്ചു കൊണ്ട് കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന് പേര് മാറ്റുന്നത് ഹരമാണെന്ന പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനത്തോടും കേന്ദ്ര മന്ത്രി പ്രതികരിച്ചു. പേര് മാറ്റുന്നതില്‍ പ്രതിപക്ഷത്തിനാണ് താത്പര്യമെന്ന് പറഞ്ഞ ശിവരാജ് സിങ് ചൗഹാന്‍ എന്‍ഡിഎ സര്‍ക്കാരിന് ജോലിയില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കി.
സഭയ്ക്ക് പുറത്തും പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചു. ബില്ലിനെതിരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എങ്ങനെ പൂര്‍ത്തിയാകാന്‍ പോകുന്നുവെന്ന് ബില്‍ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഈ ബില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ബാധ്യത വരുത്തും. സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം പണമില്ല. എംജിഎന്‍ആര്‍ഇജിഎ പദ്ധതി ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ക്കുള്ള പിന്തുണയാണ്. എന്നാല്‍ പുതിയ ബില്‍ ദരിദ്ര വിരുദ്ധമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.