തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും മുതിർന്ന നേതാവുമായ മദൻ മിത്ര ഔദ്യോഗിക പദവികൾ ഒഴിഞ്ഞ് വിമത പക്ഷത്ത് നിൽക്കാൻ തീരുമാനിച്ചു. വീട് മാറിയിട്ടില്ലെന്നും മുറി മാത്രമേ മാറിയിട്ടുള്ളുവെന്നും മദൻ മിത്ര പ്രതികരിച്ചു.
കാളിഘട്ട് ടിഎംസി ക്യാമ്പിന് കീഴിലുള്ള ദേശീയ- സംസ്ഥാന സംഘടനാ കമ്മിറ്റികളിൽ നിന്നും രാജിവെയ്ക്കുന്നതായി കമർഹാട്ടി എംഎൽഎയായ മദൻ മിത്ര പ്രഖ്യാപിച്ചു. ബംഗാൾ നിയമസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. "ഞാൻ നിയമസഭയിലെ എൻ്റെ മുറി മാത്രമാണ് മാറിയത്, വീടല്ല, തൃണമൂൽ കോൺഗ്രസിൽ തന്നെയാണ് ഉറച്ചു നിൽക്കുന്നത്"- വിമത പാർട്ടിയിൽ അംഗത്വമെടുത്ത ശേഷം മദൻ മിത്ര പ്രതികരിച്ചു.
നിയമസഭയിലെ ചേംബറിൽ വെച്ച് വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മമത ബാനർജി നയിക്കുന്ന വിഭാഗത്തിന്റെ സംഘടനാ ചുമതലകൾ ഒഴിയുമെങ്കിലും തൃണമൂൽ കോൺഗ്രസ് എംഎൽഎയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മദൻ മിത്രയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ. വരാനിരിക്കുന്ന ജൂലൈ 21 രക്തസാക്ഷി ദിനാചരണത്തിൽ ഋതബ്രത ബാനർജി ക്യാമ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്നും മദൻ മിത്ര പ്രഖ്യാപിച്ചിട്ടുണ്ട്.