

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശവുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടനത്തിന് സമാനമാണ്. ഇക്കാര്യം പൗരാണിക ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭംഗിയില്ലെങ്കിലും ദളിത് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നതെന്നായിരുന്നു ഫൂൽ സിംഗ് ബരയ്യയുടെ പരാമർശം. വിവാദ പ്രസ്താവനയെ തുടർന്ന് ഇയാൾക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫൂൽ സിംഗ് ബലാത്സംഗത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തിയത്. തെരുവിലൂടെ നടക്കുന്ന സുന്ദരികളായ സ്ത്രീകൾ പുരുഷൻ്റെ ശ്രദ്ധ തിരിക്കും,അത്തരം സാഹചര്യങ്ങളിൽ ബാലാത്സംഗം നടക്കുമെന്ന ബലാത്സംഗത്തെ പിന്തുണയ്ക്കുന്ന പരാമർശവും ഇയാൾ നടത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് മനുഷ്യത്വ വിരുദ്ധ പ്രതികരണം. സ്ത്രീയുടെ സമ്മതമില്ലാതെ ഒരു പുരുഷന് ഒരിക്കലും ബലാത്സംഗം ചെയ്യാൻ പറ്റില്ലെന്നും വീഡിയോയിൽ ഫൂൽ സിംഗ് പ്രസ്താവിക്കുന്നു. 4 മാസവും 1 വയസും മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണെന്ന അത്യന്തം നിഷ്ഠൂരമായ പരാമർശവും ഫൂൽ സിംഗ് നടത്തി.
എംഎൽഎയുടെ മനുഷ്യത്വ വിരുദ്ധമായ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ, സാമൂഹിക നേതാക്കൾ എംഎൽഎയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒരു ബലാത്സംഗത്തെയും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ബലാത്സംഗം ചെയ്യുന്ന ഏതൊരാളും കുറ്റവാളിയാണ്. അതിനെ ജാതിയുമായോ മതവുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് എംഎൽഎയുടെ പ്രസ്താവനയോട് മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് ജിതു പട്വാരി പ്രതികരിച്ചത്. ലൈംഗികാതിക്രമം ഗുരുതരമായ കുറ്റകൃത്യമാണെന്നും അതിനെ ന്യായീകരിക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാമൂഹിക സംഘടനകളും ഇയാളുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ സ്ത്രീകളെയും സമൂഹത്തെയും മൊത്തത്തിൽ അപമാനിക്കുന്നതാണെന്ന് ഓൾ ഇന്ത്യ ബ്രാഹ്മിൺ സൊസൈറ്റി മധ്യപ്രദേശ് യൂണിറ്റ് പ്രസ്താവനയെ അപലപിച്ചു. പ്രസ്താവന കുറ്റകരവും വികലവുമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നാണ് ബിജെപി പറഞ്ഞത്.
സ്ത്രീകളെ സൗന്ദര്യത്തിൻ്റെ അളവുകോൽ വച്ച് നോക്കുകയും ദളിത്, ആദിവാസി സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളെ പവിത്രമായ പ്രവൃത്തിയായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീവിരുദ്ധതയും, ദളിത് വിരുദ്ധ ചിന്തയും, മനുഷ്യത്വത്തിനെതിരായ നേരിട്ടുള്ള ആക്രമണവുമാണെന്ന് മധ്യപ്രദേശ് ബിജെപി മീഡിയ ഇൻ-ചാർജ് ആശിഷ് അഗർവാൾ പറഞ്ഞു. ബരയ്യയെ ഉടൻ ക്ഷമാപണം നടത്തി പുറത്താക്കുകയോ അല്ലെങ്കിൽ അത്തരമൊരു ചിന്താഗതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് വ്യക്തമായി സമ്മതിക്കുകയോ ചെയ്യണമെന്നും ആശിഷ് ആവശ്യപ്പെട്ടു.
ബരയ്യയുടെ മുൻകാല വിവാദ പരാമർശങ്ങളും ഇതേ തുടർന്ന് പൊന്തി വന്നിട്ടുണ്ട്. 2026 ജനുവരിയിൽ, എസ്‌സി-എസ്‌ടി എംഎൽഎമാർ സംയുക്ത തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് കീഴിൽ നായയുടെ അവസ്ഥയിലാണെന്ന വിവാദ പ്രസ്താവനയും ബരയ്യ ഇറക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണവും ഇയാൾക്കെതിരെ ഉയർന്നു വന്നിരുന്നു.