

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലെ ദ്വയാർഥ പരാമർശത്തില്‍ അറസ്റ്റിലായ ഡിഎംകെ എംഎല്‍എ ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് തഞ്ചാവൂര്‍ പൊലീസ് ഉദയനിധിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. നേരത്തെ, ഉദയനിധിയെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ഉദയനിധിയോടും കോടതി നിര്‍ദേശിച്ചു. റിമാന്‍ഡ് ആവശ്യമില്ലെന്നും, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഉദയനിധിയെ അറസ്റ്റ് ചെയ്തുവെന്നും, ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു. പൊലീസ് റിമാന്‍ഡ് ആവശ്യപ്പെടുന്നില്ല. 'സ്ത്രീകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥമാണ്' അറസ്റ്റെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദം കേട്ടതിനു പിന്നാലെ, ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി കേട്ടു.
ഇന്ന് രാവിലെയാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ കൂട്ടത്തോടെ ‘തൃഷ, തൃഷ’ എന്ന് വിളിച്ചു. പിന്നാലെ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശമാണ് കേസിന് ആധാരം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ വൈറലായതോടെ, വിവാദ പരാമര്‍ശത്തിനെതിരെ ടിവികെ രംഗത്തെത്തി. ഉദയനിധിയുടെ പരാമർശങ്ങളിലും ഡിഎംകെ പ്രവർത്തകരുടെ പെരുമാറ്റത്തിലും ദ്വയാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ടിവികെ പ്രവർത്തകരുടെയും വിജയ് ആരാധകരുടെയും ആരോപണം. പിന്നാലെയാണ് ടിവികെ വനിതാ വിഭാഗം പൊലീസില്‍ പരാതി നല്‍കിയത്. ഉദയനിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെ കക്ഷികളും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചു.
അതേസമയം, പറഞ്ഞ കാര്യങ്ങളെ തെറ്റായി പ്രചരിപ്പിച്ചുവെന്നും അനന്തരഫലം നേരിടാൻ തയ്യാറാണെന്നുമായിരുന്നു ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചത്. "തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റണം, കർഷകരെ പറ്റിക്കരുത് എന്നിങ്ങനെ പല കാര്യങ്ങൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഞാൻ പറയാത്ത ഒരു കാര്യം കട്ട്, കോപ്പി ചെയ്യുകയായിരുന്നു. ഈ കക്ഷി ഭരണം ആരംഭിച്ചപ്പോള്‍ മുതൽ വ്യാജ കേസ് എടുക്കുകയും, വ്യാജ വാർത്ത പരത്തുകയും, എഐഎഡിഎംകെ എംഎൽഎമാരെ വിലയ്ക്കെടുക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.കേസിനെ നിയമപരമായി നേരിടും. അറസ്റ്റിനെ ഭയപ്പെടുന്നില്ല. ടിവികെ സർക്കാരിന് സാമാന്യബുദ്ധിയുണ്ടെന്നു പോലും കരുതുന്നില്ല. അവർ ഒരു കൂട്ടം വിഡ്ഢികളാണ്" -എന്നിങ്ങനെയായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.