പി.സി.എം.സി. ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാനം; ഡോക്ടർക്ക് സസ്പെൻഷൻ

വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്
പി.സി.എം.സി. ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാനം; ഡോക്ടർക്ക് സസ്പെൻഷൻ
Published on: 
Updated on: 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള വൈസിഎം ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയിൽ വെച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച ഡോക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഡോ. വൈഭവ് അവിനാഷ് മ്ഹസ്കെ എന്ന മെഡിക്കൽ ഓഫീസറെയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മരണസർട്ടിഫിക്കറ്റിനായി ആശുപത്രിക്ക് പുറത്ത് കാത്തിരുന്ന ആളാണ് ഡോക്ടർ മദ്യപിക്കുന്നത് കണ്ടത്. ഭക്ഷണ സാധനങ്ങളും മദ്യക്കുപ്പിയും മേശപ്പുറത്തിരിക്കുന്ന ദൃശ്യങ്ങളടക്കം ഇയാൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശിയാണ് ഡോക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും തുടർന്ന് ഔദ്യോഗിക അന്വേഷണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. സസ്പെൻഷൻ കാലാവധിയിൽ പിംപ്രി ഹെഡ്ക്വാർട്ടേഴ്സ് വിട്ടുപോകാനോ മറ്റ് ജോലികളിൽ ഏർപ്പെടാനോ ഇയാൾക്ക് അനുവാദമില്ല.

News Malayalam 24x7
newsmalayalam.com