

ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വനിതാ ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ശല്യപ്പെടുത്തിയ കേസിൽ മലയാളിയായ യാത്രക്കാരൻ അറസ്റ്റിൽ.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇയാൾ ഫ്ലൈറ്റ് അറ്റൻഡൻ്റ് ആയ യുവതിയെ അപമര്യാദയായി സ്പർശിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാളുടെ പ്രവൃത്തി.വിമാനം ലാൻഡ് ചെയ്ത ശേഷം തൻ്റെ പാസ്‌പോർട്ട് സീറ്റിൽ നഷ്ടപ്പെട്ടതായി പിന്നീട് ഇയാൾ അറിയിച്ചു. ഇത് കേട്ട് വിമാന ജീവനക്കാർ ഇയാളുടെ പാസ്‌പോർട്ട് തിരയുന്നതിനിടെ ഇയാളുടെ സീറ്റിൽ നിന്ന് "അശ്ലീലവും അധിക്ഷേപകരവുമായ" പരാമർശങ്ങൾ അടങ്ങിയ കുറിപ്പും അവർ കണ്ടെടുത്തു. ക്രൂ അംഗങ്ങളെ ലക്ഷ്യം വച്ചുള്ള കുറിപ്പായിരുന്നു അത്.
വിമാനം ലാൻഡ് ചെയ്ത ശേഷം ഗ്രൗണ്ട് സ്റ്റാഫിനെയും ക്യാപ്റ്റനെയും ഇക്കാര്യം അറിയിച്ച ശേഷം ക്യാബിൻ ക്രൂ പരാതി നൽകി. വിമാന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാദേശിക കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.