കൊൽക്കത്ത: കേരളത്തിൻ്റെ പേര് മാറ്റത്തിന് പിന്നിൽ സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ തീരുമാനത്തിലൂടെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം കൂടുതൽ തെളിവുകളോടെ വ്യക്തമാക്കുകയാണ് എന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിൻ്റെ പേര് 'ബംഗ്ല' എന്നാക്കണമെന്നത് തങ്ങളുടെ ദീർഘകാലമായുള്ള ശുപാർശയാണ്. എന്നാൽ അത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്രത്തിന് ബംഗാൾ വിരുദ്ധ നയമാണെന്നും കേരളത്തിന് നൽകിയ പരിഗണന ബംഗാളിന് നൽകാത്തത് വിവേചനമാണെന്നും മമത തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടപ്പോഴെല്ലാം ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് മമത ബാനർജി പറഞ്ഞു. "അവർ ബംഗാളി വിരുദ്ധരായതിനാലാണ് ഇത് അംഗീകരിക്കാത്തതെന്ന് ഞാൻ കരുതുന്നു. ബംഗാളിൻ്റെ ഐക്കണുകളെ അവർ അവഹേളിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേട്ടത്തിനായി മാത്രമാണ് അവർ ‘ബംഗ്ലാ’ എന്ന പദം ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്തിൻ്റെ പേര് മാറ്റത്തിന് അവർ അംഗീകാരം നൽകാത്തത്" എന്നും മമത കുറ്റപ്പെടുത്തി.
ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ തീർച്ചയായും നമ്മുടെ സംസ്ഥാനത്തിൻ്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. "സംസ്ഥാനത്തിൻ്റെ സംസ്കാരത്തെ അടിസ്ഥാനമാക്കി, പശ്ചിമ ബംഗാളിനെ ബംഗ്ല എന്ന് പുനർനാമകരണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. രണ്ട് തവണയാണ് സംസ്ഥാന നിയമസഭയിൽ പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രമാണ് അനുമതി നിഷേധിക്കുന്നത്", മമത ബാനർജി കൂട്ടിച്ചേർത്തു.