"രാജേഷിന് നായ്ക്കളെ വലിയ ഇഷ്ടമാണ്, സുപ്രീം കോടതി ഉത്തരവിൽ അവൻ അസ്വസ്ഥനായിരുന്നു"; രേഖ ഗുപ്തയെ ആക്രമിച്ചയാളുടെ അമ്മ

വിഷയത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
രേഖ ഗുപ്ത, അക്രമി രാജേഷ്
രേഖ ഗുപ്ത, അക്രമി രാജേഷ്Source: ANI
Published on

ഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയയാണ് ആക്രമണത്തിന് പിന്നിൽ. രാജേഷ് ഒരു നായ സ്നേഹിയാണെന്നും ഡൽഹി എൻസിആറിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

"എന്റെ മകന് നായ്ക്കളെ വളരെ ഇഷ്ടമാണ്. തെരുവ് നായ്ക്കൾക്കെതിരായ സുപ്രീം കോടതി ഉത്തരവിൽ അവൻ അസ്വസ്ഥനായിരുന്നു. താമസിയാതെ അവൻ ഡൽഹിയിലേക്ക് പോയി. മറ്റൊന്നും ഞങ്ങൾക്ക് അറിയില്ല," രാജേഷ് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുവിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സഹായം തേടിയാണ് രാജേഷ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുണ്ട്.

രേഖ ഗുപ്ത, അക്രമി രാജേഷ്
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; മുഖത്തടിച്ചു, മുടി പിടിച്ചുവലിച്ചു; പ്രതി പിടിയിൽ

ദൃക്‌സാക്ഷികൾ പറയുന്നത് പ്രകാരം, ചില രേഖകളുമായാണ് രാജേഷ് സക്രിയ രേഖ ഗുപ്തയെ സമീപിച്ചത്. സംഭാഷണത്തിനിടയിൽ, ഇയാൾ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവരെ ആക്രമിച്ചു. ചില ദൃക്‌സാക്ഷികൾ അയാൾ മദ്യപിച്ചിരുന്നെന്നും പറയുന്നുണ്ട്. എന്നാൽ ആ ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിച്ച ഉടൻ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ രാജേഷിനെ പിടികൂടി. ആക്രമണത്തിന് കാരണമറിയാൻ ഡൽഹി പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് രാവിലെ ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണമുണ്ടായത്. പൊതുജനങ്ങളുടെ പരാതികൾ കേട്ട് പരിഹരിക്കുന്നതിനായി, മുഖ്യമന്ത്രിയുടെ വസതിയിൽ എല്ലാ ആഴ്ചയും ജനസഭ യോഗം നടക്കാറുണ്ട്. ഇതിനിടെ എത്തിയ അക്രമി മുഖ്യമന്ത്രിയെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തെന്ന് മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറയുന്നു. "യോഗത്തിൽ ഉണ്ടായിരുന്ന ഒരാൾ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇപ്പോൾ അവരെ ഡോക്ടർമാർ പരിശോധിക്കുകയാണ്. ആക്രമണത്തിൽ ഞങ്ങൾ അപലപിക്കുന്നു. ഈ ആക്രമണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് അന്വേഷിക്കണം," ഖുറാന പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ സംശയം. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ എതിരാളികൾക്ക് സഹിക്കുന്നില്ലെന്നും ആക്രമണകാരിയുടെ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറയുന്നു.

രേഖ ഗുപ്ത, അക്രമി രാജേഷ്
ധർമസ്ഥലയിൽ വീണ്ടും കുഴിച്ച് പരിശോധന നടത്തും; അനുമതി നൽകി ആഭ്യന്തര വകുപ്പ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആം ആദ്മി പാർട്ടി (എഎപി) നേതാവ് അതിഷി മർലേന ആക്രമണത്തെ അപലപിച്ചു. ജനാധിപത്യത്തിൽ അക്രമണത്തിന് സ്ഥാനമില്ലെന്നായിരുന്നു അതിഷിയുടെ പ്രസ്താവന. "ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിൽ, വിയോജിപ്പിനും പ്രതിഷേധത്തിനും ഇടമുണ്ട്, പക്ഷേ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരെ ഡൽഹി പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പൂർണ്ണമായും സുരക്ഷിതനാണെന്ന് പ്രതീക്ഷിക്കുന്നു," അതിഷി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com