
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഭീകരവാദികള്‍ക്ക് സഹായം നല്‍കിയ മുഹമ്മദ് കട്ടാരിയ എന്നയാളാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ മഹാദേവില്‍ പിടിച്ചെടുത്ത ആയുധങ്ങളും ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് മുഹമ്മദ് കട്ടാരിയയെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീർ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടാരിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസറ്റഡിയില്‍ വിടും. കുൽഗാം സ്വദേശിയായ മുഹമ്മദ് യൂസുഫ് കട്ടാരിയ അധ്യാപകനാണെന്നാണ് റിപ്പോർട്ടുകൾ.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം ആരംഭിച്ച ഓപ്പറേഷന്‍ മഹാദേവില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. 14 ദിവസം നിരീക്ഷണം നടത്തിയതിനു ശേഷമാണ് ഭീകരരെ വധിച്ചത്. സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് സംയുക്തമായാണ് തിരച്ചില്‍ ആരംഭിച്ചത്.
ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാമില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ബൈസരന്‍ പ്രദേശത്ത് ചൈനീസ് സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും കണ്ടെത്തിയിരുന്നു. ഓപ്പറേഷനില്‍ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ലഷ്‌കര്‍-ഇ-ത്വയിബ ഭീകരരായ സുലെമാന്‍ ഷാ, അബു ഹംസ, യാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.