

ന്യൂഡല്‍ഹി: യമുനയുടെ പേരില്‍ രാജ്യതലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ വിവാദം. യമുനയിലെ മലിനീകരണ തോത് കുറഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപി എംപി മനോജ് തിവാരിയുടെ പ്രകടനമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രേഖ ഗുപ്ത സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് യുമനയിലെ മലിനീകരണ തോത് പകുതിയായി കുറഞ്ഞുവെന്ന് അവകാശപ്പെട്ട് മനോജ് തിവാരി പുഴയിലേക്ക് എടുത്തുചാടി. വ്യാഴാഴ്ചയാണ് സോണിയ വിഹാര്‍ ഘട്ടില്‍ വെച്ച് മനോജ് തിവാരി നദിയില്‍ മുങ്ങിയത്.
ബിജെപി നേതാവ് ഒരു പടി കൂടി കടന്ന്, ഇനി ആളുകള്‍ക്ക് യമുനയില്‍ വീണ്ടും ഛഠ് പൂജ ആഘോഷിക്കാമെന്ന് ഉറപ്പിച്ചു പറഞ്ഞു. നദിയുടെ ചില ഭാഗങ്ങളില്‍ ദേശാടനപക്ഷികള്‍ എത്താറുണ്ട്, ഇത് നദിയുടെ മലിനീകരണ തോത് കുറഞ്ഞതിന്റെ സൂചനയാണെന്നും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയായ തിവാരി പറയുന്നു.
നദീജലം മലിനമാണെങ്കില്‍ പക്ഷികള്‍ എത്തില്ല. ഒരുപക്ഷെ, ഇവിടെ മുതല വരെ ഉണ്ടാകാം, മുതലകള്‍ ശുദ്ധജലത്തിലാണ് ഉണ്ടാകുക. നദി മാലിന്യമുക്തമായെന്ന് കാണിക്കാന്‍ വെള്ളം കുടിക്കാന്‍ വരെ ബിജെപി എംപി തയ്യാറായി. കഴിഞ്ഞ എഎപി സര്‍ക്കാരിന് യമുനയെ സംരക്ഷിക്കാനായില്ലെന്നും തിവാരി വിമര്‍ശിച്ചു.
നദി മലിനമായതിന് ഹരിയാനയെയാണ് ആം ആദ്മി പാര്‍ട്ടി പഴിചാരിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ യമുന പകുതിയോളം വൃത്തിയാക്കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനും ആം ആദ്മിക്കും 27 വര്‍ഷം കൊണ്ട് സാധിക്കാത്തതാണ് തങ്ങളുടെ സര്‍ക്കാര്‍ രണ്ട് വര്‍ഷം കൊണ്ട് ചെയ്തതെന്നാണ് ബിജെപിയുടെ വാദം. യമുനയില്‍ മുങ്ങാന്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ മനോജ് തിവാരി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ബിജെപിക്ക് കനത്ത മറുപടിയുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ബിജെപിയുടെ തട്ടിപ്പുകാര്‍ക്ക് ഡല്‍ഹിയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എഎപി ഡല്‍ഹി പ്രസിഡന്റും മുന്‍ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് എക്‌സിലൂടെ പ്രതികരിച്ചത്. പല്ല മുതല്‍ വസീറാബാദ് വരെയുള്ള യമുനയുടെ 26 കിലോമീറ്റര്‍ താരതമ്യേന വൃത്തിയുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡിപിസിസി റിപ്പോര്‍ട്ടുകള്‍ പ്രകാരം ആം ആദ്മി സര്‍ക്കാരിന്റെ കാലത്ത് ഇത് കൂടുതല്‍ വൃത്തിയുള്ളതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെജ് രിവാളിനെ വെല്ലുവിളിച്ച മനോജ് തിവാരിക്കും ബിജെപിക്കും മുന്നില്‍ പുതിയ വെല്ലുവിളിയും സൗരഭ് ഭരദ്വാജ് ഉയര്‍ത്തി. ധൈര്യമുണ്ടെങ്കില്‍ കാളിന്ദി കുഞ്ച് ഘട്ടില്‍ നിന്ന് വെള്ളം കുടിക്കാന്‍ മനോജ് തിവാരിയേയും ജലവിഭവ മന്ത്രി പര്‍വേഷ് വര്‍മയേയും ക്ഷണിക്കുന്നുവെന്നാണ് വെല്ലുവിളി. കഴിഞ്ഞ വര്‍ഷവും തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ലെന്ന് കൂടി അദ്ദേഹം പറഞ്ഞു.