

ഡൽഹി: പൊലീസിൻ്റെയും സുരക്ഷാ സേനയുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ ബലത്തിൽ ഇന്ത്യയിൽ മാവോയിസം ഉടൻ തന്നെ ചരിത്രമായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2026 മാർച്ചോടെ ഇന്ത്യയിൽ മാവോയിസം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സെൻട്രൽ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ദേശീയ പൊലീസ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് സെറിമണൽ ഗാർഡ് സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
"ഒരു കാലത്ത് സംസ്ഥാനത്തിനെതിരെ ആയുധമെടുത്ത മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങുകയും, വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരികയും ചെയ്യുന്നുണ്ട്. ഈ വസ്തുതയിൽ നിന്ന് നക്സലൈറ്റുകൾക്ക് എതിരായ പ്രചാരണം വിജയമാണെന്ന് നമുക്ക് വിലയിരുത്താം. സുരക്ഷാ സേനയുടെ അശ്രാന്ത പരിശ്രമത്താൽ മാവോയിസം ഉടൻ ചരിത്രമായി മാറുന്നതിൻ്റെ വക്കിലാണ്. നമ്മുടെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും ഇതിന് അഭിനന്ദനം അർഹിക്കുന്നു," സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.
"വളരെക്കാലമായി നക്സലിസം നമ്മുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഒരു പ്രശ്നമാണ്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പല ജില്ലകളും നക്സലിസത്തിന്റെ പിടിയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗ്രാമങ്ങളിലെ സ്കൂളുകൾ അടച്ചിരുന്നു, റോഡുകളില്ല, ആളുകൾ ഭയത്തോടെയാണ് ജീവിച്ചിരുന്നത്. ഈ പ്രശ്നം ഇനി തുടരാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. നമ്മുടെ പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, തദ്ദേശ ഭരണകൂടം എന്നിവ സംഘടിതമായി ഒരുമിച്ച് പ്രവർത്തിച്ച രീതി പ്രശംസനീയമാണ്," രാജ്‌നാഥ് സിംഗ് പറഞ്ഞു.
"ഒരു കാലത്ത് നക്സൽ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ചുവന്ന ഇടനാഴി എന്ന പേരിൽ കുപ്രസിദ്ധമായിരുന്ന ഇന്ത്യയുടെ ഭാഗങ്ങൾ ഇപ്പോൾ വളർച്ചാ ഇടനാഴിയായി മാറിയിരിക്കുന്നു. സർക്കാരിന് അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് സംഭവിക്കുന്നതിന് പൊലീസും സുരക്ഷാ സേനയും വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്," പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.