

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ വിവാഹാഘോഷത്തിനിടെ വളർത്തുനായ മൂലമുണ്ടായ തർക്കം വരൻ്റെയും വധുവിൻ്റേയും വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിന് കാരണമായി. ഫത്തേപൂർ സ്വദേശികളായ തന്യ കേശർവാനി, സുമിത് എന്നിവരുടെ വിവാഹ ചടങ്ങിലായിരുന്നു സംഭവം. ജാനുവരിയിൽ ഒളിച്ചോടിയ ശേഷം കാൺപൂരിൽ വെച്ച് വിവാഹം കഴിച്ച ഇരുവരുടേയും ഔപചാരിക വിവാഹ ചടങ്ങിനിടെ നടന്ന സംഭവത്തെ തുടർന്ന് വിവാഹം റദ്ദാക്കി.
പുലർച്ചെ 4 മണിയോടെ ആഭരണ സമർപ്പണ ചടങ്ങിനിടെ വധുവിൻ്റെ വളർത്തുനായ ആളുകൾക്ക് നേരെ കുരച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ വരൻ്റെ ഭാഗത്തു നിന്നുള്ള ഒരു യുവാവ് നായയെ അടിക്കുകയായിരുന്നു. ഇതേ തുടർന്ന് രോഷാകുലരായ വധുവിൻ്റെ ബന്ധുക്കളും വരൻ്റെ ബന്ധുക്കളും തമ്മിൽ വാക്കു തർക്കം ഉടലെടുക്കുകയും ഇത് കയ്യേറ്റത്തിലെത്തുകയുമായിരുന്നു. പരസ്പരം വടികളും കസേരകളുമുപയോഗിച്ചുള്ള ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് എട്ട് പേർക്കോളം പരിക്കേറ്റു. വധുവിൻ്റെ ബന്ധുക്കളായ മൂന്ന് പേരുടെ തലയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് ഇരു കുടുംബങ്ങളും ഖാഗ പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ വെച്ച് വിവാഹം ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തു. എന്നാൽ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാതിരുന്ന വധു പിന്നീട് തൻ്റെ വീട് വിട്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് എത്തുകയും ഭർത്താവിനൊപ്പമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ജനുവരിയിൽ അവരുടെ വിവാഹം നടന്നിരുന്നുവെന്നും ഫെബ്രുവരിയിലെ പരിപാടി ഒരു ഔപചാരിക ആഘോഷം മാത്രമാണെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.