

ചെന്നൈ: 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബിജെപി തീകൊണ്ടു കളിക്കുകയാണ് അനന്തര ഫലം നേരിടേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. വീടുകളിലും, പൊതു ഇടങ്ങളിലും നാളെ കറുത്ത പതാക ഉയർത്താൻ എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. മണ്ഡലപുനർനിർണയ വിഷയത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തതിന് ശേഷമാണ് സ്റ്റാലിൻ്റെ പ്രതികരണം.
തമിഴ്‌നാട് വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വമല്ലെന്നും, അവകാശങ്ങളും ആത്മാഭിമാനവും അടിച്ചമർത്താൻ കഴിയാത്ത എട്ട് കോടി ജനങ്ങളുടെ കൂട്ടായ ശബ്ദമാണെന്നും സ്റ്റാലിൻ പറഞ്ഞു. ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും സ്ഥിരമായ സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്ത തമിഴ്‌നാട് പോലുള്ള പുരോഗമന സംസ്ഥാനങ്ങളെ മണ്ഡലപുനർനിർണയം പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
മണ്ഡലപുനർനിർണയ ഭേദഗതി ബില്ലിനെ കറുത്ത നിയമം എന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ബിൽ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. മണ്ഡലപുനർനിർണയ ബില്ലുമായി മുന്നോട്ട് പോയാൽ 1950കളിലെയും 1960കളിലെയും തമിഴ്‌നാടിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോയും സ്റ്റാലിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.