
മുംബൈ: മൈസൂർ കോളനി സ്റ്റേഷന് സമീപം മോണോറെയിൽ ട്രെയിന്‍ തകരാറിലായി. വൈദ്യുതി വിതരണം തടസപ്പെട്ടതാണ് കാരണം. ഒരു മണിക്കൂറിലേറെയായി 100ഓളം യാത്രക്കാർ ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ചെറിയ വൈദ്യുതി വിതരണ പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) അറിയിച്ചു. "ഞങ്ങളുടെ ഓപ്പറേഷൻസ്, മെയിന്റനൻസ് ടീമുകൾ ഇതിനകം സ്ഥലത്തുണ്ട്, അവർ വേഗത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്," എംഎംആർഡിഎ അധികൃതർ പറഞ്ഞു.
ചെമ്പൂരിനും ഭക്തി പാർക്കിനും ഇടയിൽ വൈകുന്നേരം 6:15 ഓടെയാണ് ട്രെയിൻ തകരാറിലായി നിന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു.
"എല്ലാവരും ക്ഷമയോടെയിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എംഎംആർഡിഎ കമ്മീഷണർ, മുനിസിപ്പൽ കമ്മീഷണർ, പോലീസ്, ബന്ധപ്പെട്ട എല്ലാ ഏജൻസികൾ എന്നിവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സംഭവം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കും," ഫഡ്നാവിസ് എക്‌സിൽ കുറിച്ചു.