

കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോന്‍ത' ചുഴലിക്കാറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത പ്രാപിച്ച് ആന്ധ്ര തീരത്ത് നാളെ കരതൊടും. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീര പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോന്‍ത' നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകിട്ടോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം തീരംതൊടും. ചുഴലിക്കാറ്റിന് 110 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശിലെ 23 ജില്ലകളില്‍ ഇന്ന് റെഡ് - ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാക്കിനട തീരത്ത് ഇതിനോടകം 269 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രീകാകുളം, വിജയനഗരം ജില്ലകളും അതീവ ജാഗ്രതയിലാണ്. കിഴക്കന്‍ ഗോദാവരി, കൊണസീമ, ഏലുരു, പശ്ചിമ ഗോദാവരി എന്നീ ജില്ലകളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഒക്ടോബര്‍ 31 വരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗോദാവരി, കൃഷ്ണ നദി തീരങ്ങളില്‍ വിനോദസഞ്ചാരങ്ങള്‍ക്കും മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒഡീഷയില്‍ ദുരന്ത സാധ്യതാ പ്രദേശത്ത് എട്ട് ജില്ലകളിലായി 128 ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മല്‍ക്കാന്‍ഗിരി എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൂത്തുക്കുടി, കാഞ്ചീപുരം എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം ഇല്ലെങ്കിലും മഴ തുടരാന്‍ സാധ്യതയുണ്ട്. മഴ കനത്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.