ഡൽഹി: രാജ്യത്തെ ഞെട്ടിച്ച് ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ചത് വെള്ള ഹ്യൂണ്ടായ് ഐ 20 കാറാണെന്നാണ് റിപ്പോർട്ടുകൾ. കാറിനുള്ളിൽ മൂന്ന് പേരുണ്ടായിരുന്നെന്നും സൂചനയുണ്ട്. സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് സ്ഫോടനമുണ്ടായത്. കാറിൻ്റെ മുൻ ഉടമ മുഹമ്മദ് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരിഖ് എന്നയാൾക്ക് സൽമാൻ കാർ വിറ്റിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
"ഇന്ന് വൈകുന്നേരം 6.52ന് സാവധാനത്തിൽ നീങ്ങിയ ഒരു കാർ സിഗ്നലിന് സമീപം നിർത്തി. ആ വാഹനത്തിൽ നിന്ന് പെട്ടെന്ന് ഒരു സ്ഫോടനമുണ്ടായി. സ്ഫോടനത്തെ തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു," ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലെത്തി അമിത് ഷാ സന്ദർശിച്ചു. അതേസമയം ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. ലാല്‍കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.