അർണബ്, മുരശ്, ബിപർജോയ്, നിവാർ, യാസ്... ചുഴലിക്കാറ്റുകളുടെ പേരുകളൊക്കെ വെറൈറ്റിയാണ്. ഇതൊക്കെ കേൾക്കുമ്പോൾ എല്ലാവർക്കും തോന്നിയിട്ടുണ്ടാകും എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ നൽകുന്നത് എന്ന്...
ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര് 'മുരശ്' എന്നാണ്. തമിഴിൽ ഒരു പരമ്പരാഗത വാദ്യോപകരണത്തിന്റെ പേരാണ് മുരശ്. എന്നാൽ ഒരു ചുഴലിക്കാറ്റിന് എന്തിനാണ് ഇത്തരമൊരു പേര്? ആരാണ് ഈ പേര് നിർദേശിച്ചത്? ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിന് പിന്നിലെ സംവിധാനം എങ്ങനെയാണ്? ആ രസകരമായ കഥ ഒന്ന് ഡീകോഡ് ചെയ്യാം!
എന്താണ് മുരശ്?
തമിഴ് ഭാഷയിൽ 'മുരശ്' എന്ന വാക്കിന്റെ അർഥം ചെണ്ടയോ മൃദംഗമോ ഒക്കെ പോലെ ഒരു പരമ്പരാഗത വാദ്യോപകരണം എന്നാണ്. പുരാതന തമിഴ് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്ന വാദ്യോപകരണമാണ് മുരശ്. യുദ്ധസമയങ്ങളിൽ മുന്നറിയിപ്പ് നൽകാനും രാജകീയ വിളംബരങ്ങൾ അറിയിക്കാനും ആഘോഷങ്ങളുടെയും പൊതുപരിപാടികളുടെയും വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും മുരശ് ഉപയോഗിച്ചിരുന്നു. അതായത്, ഒരുകാലത്ത് ജനങ്ങളിലേക്ക് പ്രധാനപ്പെട്ട സന്ദേശങ്ങൾ എത്തിച്ചിരുന്ന ഒരു ആശയവിനിമയ ഉപാധിയായിരുന്നു ഇത്. ഇന്ത്യയാണ് 'മുരശ്' എന്ന പേര് ചുഴലിക്കാറ്റുകളുടെ ഔദ്യോഗിക പട്ടികയിലേക്ക് നിർദേശിച്ചത്. 2004ൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന രീതി ആരംഭിച്ചതിന് ശേഷം ആദ്യമായി പട്ടികയിൽ ഉൾപ്പെട്ട തമിഴ് പേരാണിത്.
ആരാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്?
ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ഏതെങ്കിലും ഒരു രാജ്യമല്ല. ലോക കാലാവസ്ഥാ സംഘടനയായ WMOയുടെയും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷനായ ESCAPയുടെയും നേതൃത്വത്തിലുള്ള പ്രാദേശിക സംവിധാനങ്ങളിലൂടെയാണ് പേരുകൾ തീരുമാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്ന സമുദ്ര മേഖലകൾക്കായി പ്രത്യേക നാമകരണ സംവിധാനങ്ങളുണ്ട്. നമ്മുടെ മേഖലയായ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടാൻ 13 രാജ്യങ്ങളാണ് പങ്കാളികളായിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലൻഡ്, യുഎഇ, യെമൻ എന്നിവയാണ് ആ രാജ്യങ്ങൾ. ഓരോ രാജ്യവും 13 വീതം പേരുകൾ നിർദേശിച്ചിട്ടുണ്ട്. അങ്ങനെ ആകെ 169 പേരുകളാണ് നിലവിലെ പട്ടികയിലുള്ളത്.
എങ്ങനെയാണ് പേരുകൾ തെരഞ്ഞെടുക്കുന്നത്?
ഈ പേരുകൾ കാലാവസ്ഥാ വകുപ്പുകൾ തോന്നുന്നത് പോലെ തെരഞ്ഞെടുക്കുന്നതല്ല. ഓരോ രാജ്യവും മുൻകൂട്ടി പേരുകൾ നിർദേശിക്കും. അവ പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
പേരുകൾ തെരഞ്ഞെടുക്കാനും ചില നിബന്ധനകളുണ്ട്. പേര് ചെറുതും എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്നതുമായിരിക്കണം, പരമാവധി എട്ട് അക്ഷരങ്ങൾ മാത്രമേ പാടുള്ളൂ, രാഷ്ട്രീയമോ മതപരമോ സാംസ്കാരികമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തരുത്, ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ അപമാനിക്കുന്ന പേരാകരുത് എന്നിങ്ങനെയാണ് നിബന്ധനകൾ. പേരുകൾ അംഗീകരിച്ചുകഴിഞ്ഞാൽ അവ മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിലാണ് ഉപയോഗിക്കുന്നത്.
മുരശിന് തൊട്ടുമുമ്പ് വന്ന പേര് ഏത്?
മുരശിന് തൊട്ടുമുമ്പ് ബംഗ്ലാദേശ് നിർദേശിച്ച 'അർണബ്' എന്ന പേരാണ് ഉപയോഗിച്ചത്. അതിന് ശേഷമുള്ള പേരാണ് ഇന്ത്യ നിർദേശിച്ച 'മുരശ്'. അടുത്തതായി പട്ടികയിലുള്ളത് ഇറാൻ നിർദേശിച്ച 'അക്വാൻ' എന്ന പേരാണ്. അതായത്, ആ ചുഴലിക്കാറ്റ് ഏത് രാജ്യത്തേക്കാണ് നീങ്ങുന്നത് എന്നതല്ല അതിന് ലഭിക്കുന്ന പേര് തീരുമാനിക്കുന്നത്. മറിച്ച്, അംഗീകരിച്ച പട്ടികയിലെ അടുത്ത പേരാണ് നൽകുന്നത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഒരേ പ്രാദേശിക പട്ടികയാണ് ഉപയോഗിക്കുന്നത്. അതിനാൽ ഇന്ത്യയുടെ തീരത്തേക്ക് എത്തുന്ന ചുഴലിക്കാറ്റിന് മറ്റൊരു രാജ്യത്തിന്റെ പേരും ലഭിക്കാം.
എല്ലാ ന്യൂനമർദങ്ങൾക്കും പേരുണ്ടാകുമോ?
എല്ലാ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റിന്റെ പേര് ലഭിക്കില്ല. വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒരു കാലാവസ്ഥാ സംവിധാനം മണിക്കൂറിൽ 62 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന്റെ തീവ്രതയിലെത്തുമ്പോഴാണ് അതിനെ Cyclonic Storm ആയി പ്രഖ്യാപിച്ച് പേരുനൽകുന്നത്. അതിന് മുമ്പുള്ള Depression, Deep Depression തുടങ്ങിയ ഘട്ടങ്ങളിൽ പേരിന് പകരം തിരിച്ചറിയൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ പേര് ലഭിച്ചാൽ പിന്നീട് ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചാലും അതേ പേര് തന്നെയായിരിക്കും തുടരുക.
എന്തിനാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്?
ഒന്നിലധികം ചുഴലിക്കാറ്റുകൾ ഒരേസമയം രൂപപ്പെടുമ്പോൾ അവയെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും പേരുകൾ സഹായിക്കും. കാലാവസ്ഥാ വകുപ്പുകൾക്കും മാധ്യമങ്ങൾക്കും ദുരന്തനിവാരണ ഏജൻസികൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പുകൾ കൈമാറുന്നത് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുന്നു. പ്രത്യേകിച്ച് ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പുകൾ വേഗത്തിൽ മനസ്സിലാക്കാനും ഓർത്തുവെക്കാനും പേരുകൾ സഹായിക്കും. അതേസമയം, വളരെ വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ ഉണ്ടാക്കിയ ചുഴലിക്കാറ്റുകളുടെ പേരുകൾ പിന്നീട് പട്ടികയിൽ നിന്ന് ഒഴിവാക്കി പകരം പുതിയ പേരുകൾ ഉൾപ്പെടുത്താനും സംവിധാനമുണ്ട്.
അങ്ങനെ, ഒരു പരമ്പരാഗത തമിഴ് വാദ്യത്തിന്റെ പേരായ മുരശ് ഇന്ന് ഒരു ചുഴലിക്കാറ്റിന്റെ പേരായി മാറിയിരിക്കുകയാണ്. പേരുകൾ പലതായിരിക്കാം. ഭാഷകളും രാജ്യങ്ങളും വ്യത്യസ്തമായിരിക്കാം. പക്ഷേ ഈ പേരുകൾക്കെല്ലാം പിന്നിലുള്ള ലക്ഷ്യം ഒന്ന് മാത്രം — ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് കൃത്യമായും വേഗത്തിലും എത്തിക്കുക. അടുത്ത തവണ ഒരു ചുഴലിക്കാറ്റിന്റെ പേര് കേൾക്കുമ്പോൾ അതിന് പിന്നിലെ കഥയും ഓർക്കാം.