

ഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മൻഡോല ഗ്രാമത്തിലെ ഒരു വീട് ഡൽഹി-ദെഹ്റൂദൂൺ എക്സ്പ്രസ് വേയുടെ നിർണായക ഭാഗത്ത് നിൽക്കുന്നത് റോഡിന് തടസമാകുന്നു. ഇത് പൊളിച്ച് മാറ്റാൻ പറ്റില്ലെന്ന് വീട്ടുടമ അറിയിച്ചതോടെയാണ് നിർമാണം നിലയ്ക്കാൻ കാരണം. പദ്ധതി ഏപ്രിൽ 14ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
213 കിലോമീറ്റർ നീളുന്ന പാതയിൽ സ്വാഭിമാൻ എന്ന പേരുള്ള വീടാണ് സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് തടസമായിട്ടുള്ളത്. 1600 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 2 നിലകളുള്ള വീടാണ് ഈ പാതയിൽ നൈൽ ഹൗസായി നിലക്കൊള്ളുന്നത്.
ചൈനയിലെ കിഴക്കൻ ജിയാസങ്സി പ്രവിശ്യയിൽ ഇതുപോലെ നൈൽ ഹൗസ് നിലനിൽക്കുന്നുണ്ട്. ഇതേ സംഭവമാണ് ഇപ്പോൾ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിലുമുള്ളത്. വീടിന് ലഭിക്കേണ്ട നഷ്ടപരിഹാരമാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ഉടമസ്ഥൻ കോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീംകോടതി വീട് പൊളിച്ചുമാറ്റുന്നതിനോ കൂടുതൽ നിർമാണം നടത്തുന്നതിനോ വിലക്ക് ഏർപ്പെടുത്തി. സർവീസ് റോഡിനടുത്താണ് ഈ വീട് നിലനിൽക്കുന്നത്. അതിനാൽ തന്നെ പല തടസങ്ങളും സൃഷ്ടിക്കുന്നുണ്ട്.
കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ നിർമാണ പ്രവൃത്തികൾ തടസപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഹൈക്കോടതി ഇടപെട്ട് സമവായം ഉണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ എക്സ്പ്രസ് വേ യാഥാർത്ഥ്യമായാൽ 2 നഗരങ്ങളിലേക്കുള്ള ദൂരം 6 മണിക്കൂറിൽ നിന്ന് 2 മണിക്കൂറായി ചുരുങ്ങും.