

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. 40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ പശ്ചിമേഷ്യൻ സംഘർഷവും വ്യാപാരവും ചർച്ചയായതാണ് സൂചന. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് ഫോൺ സംഭാഷണത്തിനിടെ ട്രംപിനെ മോദി അറിയിച്ചു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതിനൊപ്പം ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും ചർച്ച നടന്നതായി മോദി എക്സ് പോസ്റ്റിൽ കുറിച്ചു. സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്ത ശേഷം ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ സംഭാഷണമാണിത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നതായി യുഎസ് അറിയിച്ചു. എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയും എന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ച് ചൈനീസ് ടാങ്കർ ഹോർമുസ് കടന്നു. അതേസമയം, യുഎസ് നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.ഹോർമുസ് ഉപരോധത്തിൽ യുകെ പങ്കാളിയാകില്ലെന്ന് കെയിർ സ്റ്റാർമറും വ്യക്തമാക്കിയിട്ടുണ്ട്.