ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി. കള്ളപ്പണം വെളിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി റൗസ് അവന്യൂ കോടതി അറിയിച്ചു. സ്വകാര്യവ്യക്തിയുടെ പരാതിയിന്മേൽ ഈ കുറ്റം ചാർത്തുന്നത് എങ്ങനെ എന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിട്ടു.
2014 ജൂൺ 26 ന് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് 2021ൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
എജെഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കൈയടക്കുന്നതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി ആരോപണം ഉയർന്നിരുന്നു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഏറ്റെടുക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കേസിനെ പറ്റിയുള്ള വിവാദങ്ങൾ ഉയർന്നത്. 2010ൽ, പുതുതായി രൂപീകരിച്ച യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് (വൈഐഎൽ) എന്ന കമ്പനി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ കടങ്ങൾ ഏറ്റെടുത്തിരുന്നു.
തുടർന്ന്, 2,000 കോടിയിലധികം വിലമതിക്കുന്ന എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐഎല്ലിന് ലഭിച്ചു. വൈഐഎല്ലിൽ ഭൂരിപക്ഷ ഓഹരികളും കൈവശം വച്ചിരുന്നത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായിരുന്നു. ഇത് എജെഎല്ലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി പാർട്ടി ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന് വഴിയൊരുക്കി.