ക്ലോക്കും കാഹളവും ഒന്നിച്ചു; പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൻസിപി പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കും

പിംപ്രി-ചിഞ്ച്‌വാഡ്, പൂനെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15നാണ് നടക്കുക.
അജിത് പവാറും ശരദ് പവാറും
അജിത് പവാറും ശരദ് പവാറും
Published on
Updated on

പൂനെ: പിളർപ്പിന് രണ്ട് വർഷങ്ങൾക്കിപ്പുറം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) അമ്മാവൻ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി) സഖ്യം വരാനിരിക്കുന്ന പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

"പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായി 'ക്ലോക്കും' 'തുതാരി'യും (കാഹളം) ഒന്നിച്ചു. കുടുംബം ഒന്നിച്ചു," തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അജിത് പവാർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമൊരുക്കിയ താൽക്കാലിക സഖ്യമാണോ എന്ന് വ്യക്തമല്ല. പിംപ്രി-ചിഞ്ച്‌വാഡ്, പൂനെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15നാണ് നടക്കുക.

NCP Sharad Pawar

എൻസിപി പിളരുന്നതിന് മുൻപേയുള്ള പാർട്ടി ചിഹ്നമാണ് ക്ലോക്ക്. നിലവിൽ അത് അജിത് പവാർ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ശരദ് പവാർ വിഭാഗം പിന്നീട് 'തുതാരി' (വളഞ്ഞ കാഹളം) ചിഹ്നമായി സ്വീകരിച്ചു. 2023ൽ മഹാരാഷ്ട്രയിൽ അജിത് പവാർ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ എൻസിപി പിളർന്നു. നിലവിൽ ശരദ് പവാറിൻ്റെ എൻ‌സി‌പി പാർട്ടി സംസ്ഥാനത്തും കേന്ദ്രത്തിലും പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമാണ്. ഇൻഡ്യ മുന്നണിയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം.

ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കഴിഞ്ഞാൽ മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നമായ കോർപ്പറേഷനായി കണക്കാക്കപ്പെടുന്ന പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ, 2017 മുതൽ ശരദ് പവാറിൻ്റെ അവിഭക്ത എൻസിപിയാണ് ഭരിക്കുന്നത്. പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്നും പ്രചാരണ റാലികളിൽ വിവാദ പരാമർശങ്ങൾ നടത്തരുതെന്നും അജിത് പവാർ പ്രസംഗത്തിൽ അഭ്യർഥിച്ചു. "വികസനത്തിനായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഈ മുനിസിപ്പൽ കോർപ്പറേഷനെ കടക്കെണിയിലാക്കാൻ ശ്രമിച്ചവരെ ഞങ്ങൾ പുറത്താക്കും," അദ്ദേഹം പറഞ്ഞു.

NCP Sharad Pawar
അജിത് പവാറും ശരദ് പവാറും
ഉന്നാവോ ബലാത്സംഗ കേസ്: സിബിഐ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കഴിഞ്ഞ വർഷം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻ വിജയം നേടിയതിന് ശേഷമാണ് ഇരു പാർട്ടികളും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങൾ ആരംഭിച്ചത്. പൂനെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നതിന് ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടെന്ന് രണ്ട് ദിവസം മുമ്പ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അപ്രതീക്ഷിതമായാണ് പിംപ്രി-ചിഞ്ച്‌വാഡ് തെരഞ്ഞെടുപ്പിനായി പാർട്ടികൾ വീണ്ടും ഒന്നിക്കുകയായിരുന്നു.

ശരദ് പവാറിൻ്റെ നിർദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് അജിത് പവാർ എൻഡിഎ സഖ്യത്തിൽ ചേർന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്ന് ബിജെപി നേതാവ് നവനീത് റാണ പ്രതികരിച്ചു. അവർ വീണ്ടും ഒന്നിക്കുന്നത് ഞങ്ങൾക്ക് പുതിയ കാര്യമല്ല. അവർ ഒന്നിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ശരദ് പവാറും ഉടൻ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി നവനീത് റാണ പറഞ്ഞു.

അജിത് പവാറും ശരദ് പവാറും
ആന്ധ്രയിൽ ട്രെയിനിൽ വൻ തീപിടിത്തം; ഒരു മരണം

അതേസമയം, എൻസിപി സഖ്യത്തെ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗം വിമർശിച്ചു. "അവർക്ക് ഒത്തുചേരാം. പക്ഷേ ആളുകൾ കുടുംബപ്പേരിൽ വോട്ട് ചെയ്യില്ല. മഹാരാഷ്ട്രയിൽ കുടുംബപ്പേര് രാഷ്ട്രീയം നടക്കില്ല," ഏക്‌നാഥ് ഷിൻഡെ വിഭാഗം പറഞ്ഞു. അതേസമയം, എൻ‌സി‌പി (അജിത് പവാർ) നേതാവ് സീഷൻ സിദ്ദിഖി സഖ്യത്തെ സ്വാഗതം ചെയ്തു. "രണ്ട് കുടുംബങ്ങളും ഒന്നിച്ചുവരുന്നത് നല്ല കാര്യമാണ്. ഇതുമൂലം പാർട്ടി കൂടുതൽ ശക്തമാകും. ഈ നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇരു പാർട്ടികളും ഇനി ശക്തമായി പോരാടും," സീഷൻ സിദ്ദിഖി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com