ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കാറിൽ സൂക്ഷിച്ച സ്ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാകാം എന്നാണ് നിഗമനം. ഉമർ ശ്രമിച്ചത് സ്ഫോടക വസ്തു മറ്റൊരു സ്ഥലത്തേക്ക് മാറ്റാനെന്നും സൂചന. കാറിൽ ഉണ്ടായിരുന്നത് 80 കിലോ സ്ഫോടക വസ്തുവാണ്. സ്ഫോടനത്തിൻ്റെ കൂടുതൽ സിസിടിവി ദൃശ്യം പുറത്തുവന്നതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
തിങ്കളാഴ്ച വൈകീട്ട് ഡൽഹി നഗരത്തിൻ്റെ ഹൃദയഭാഗത്ത് നടന്ന ഉഗ്രസ്ഫോടനം രാജ്യത്തെയാകെ നടുക്കിയിരുന്നു. സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ഉമർ നബി, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഒരു ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിലെ വൈദ്യുതി വകുപ്പിലുണ്ടായിരുന്ന ആമിർ റാഷിദ് മിറും കുടുംബവും ഉമറിനെ സഹായിച്ചതായി ആരോപിക്കപ്പെടുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് താനും ഉമറും ചെങ്കോട്ട പരിശോധിച്ചിരുന്നതായി മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുസമ്മിലിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ഫോണിലെ ഡാറ്റാ ഡമ്പിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ പൊലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
2008ൽ മുംബൈയിൽ 175 പേരുടെ ജീവനെടുക്കുകയും മൂന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണ പരമ്പരകൾക്ക് സമാനമായ തുടർച്ചയായ ആക്രമണങ്ങൾക്കാണ്, ഡൽഹിയിലെ സ്ഫോടനം നടത്തിയ ഭീകരസംഘവും ലക്ഷ്യമിട്ടതെന്നാണ് ഇന്ന് പുറത്തുവന്ന റിപ്പോർട്ട്. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.