
ഡൽഹി: വിവാഹമോചന കേസിൽ 12 കോടിയും ഫ്ലാറ്റും ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് ജോലി ചെയ്തു ജീവിച്ചുകൂടെയെന്ന ചോദ്യവുമായി സുപ്രീം കോടതി കോടതി. യുവതിയുടെ കടുംപിടത്തത്തിനൊടുവിൽ ഒന്നുകിൽ ഫ്ലാറ്റിൽ നാല് കോടിയോ നൽകാമെന്ന് തീർപ്പിലെത്തി. 18 മാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇത്രയും വലിയ തുക ജീവനാശം ചോദിച്ചത് നിയമവ്യത്തങ്ങളിൽ ചർച്ചയായിരുന്നു .
വിവാഹമോചനത്തിനുശേഷം ജീവിക്കാൻ നിവർത്തിയില്ലാത്ത ഇണയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് ജീവനാശ നിയമം . പുരുഷന്മാർക്കും സ്ത്രീകൾക്കും അവകാശപ്പെടാമെങ്കിലും സ്ത്രീകളാണ് സാധാരണ ജീവനാശം ആവശ്യപെടാറ്. പക്ഷെ അതിനൊരു മര്യാദയൊക്കെ വേണമെന്നാണ് പുതിയ കോടതി വിധി വ്യക്തമാക്കുന്നത്. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ ദാമ്പത്യ തർക്കത്തെ തുടർന്ന് എത്തിയ വിവാഹമോചന കേസ് കോടതിക്കും തലവേദനയായി.ഭർത്താവിന് വിവാഹമോചനം നൽകണമെമെങ്കിൽ ഭാര്യ ആവശ്യപ്പെട്ടത് 12 കോടി രൂപയും മുംബൈയിൽ ഒരു ഫ്ലാറ്റുമാണ്.
എന്നാൽ വിവാഹ ജീവിതത്തിന്ർറെ ചെറിയ കാലയളവും പ്രൊഫഷണൽ പശ്ചാത്തലവും കണക്കിലെടുത്ത് ഭാര്യയുടെ ആവശ്യത്തോട് സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. എംബിഎ ബിരുദധാരിയും ഐടി മേഖലയിൽ ജോലി ചെയ്ത ആളുമാണ് ഭാര്യ. ഇത്രയും വലിയ തുക ജീവനാംശം ആവശ്യപ്പെടുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ബെംഗളൂരു, ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയും. എന്തുകൊണ്ട് ജോലി ചെയ്തുകൂടായെന്നായിരുന്നുചീഫ് ജസ്റ്റിസ് ബി ആർ ഗവായി , ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്ർറെ സംശയം.
വെറും 18 മാസം മാത്രമേ വിവാഹ ജീവിതം നീണ്ടുനിന്നുള്ളൂ. നിങ്ങൾക്ക് പ്രതിമാസം ഒരു കോടി രൂപ വേണോയെന്നും കോടതി സംശയമുന്നയിച്ചു. ?പിന്നീട് ന്യായമായ ഒരു ഒത്തുതീർപ്പ് നിർണ്ണയിക്കാൻ ഭർത്താവിന്റെ ആദായനികുതി രേഖകളുടെ വിശദാംശങ്ങളും കോടതി തേടി. ഭർത്താവിന്റെ പിതാവിന്റെ കൈവശമുള്ള സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഒടുവിൽ കോടതി തന്നെ പരിഹാരവും നിർദേശിച്ചു.
രണ്ട് വഴികളാണ് കോടതി നിർദേശിച്ചത്. നിയമപരമായ ബാധ്യതയില്ലാതെ ഫ്ലാറ്റ് സ്വീകരിക്കുക അല്ലെങ്കിൽ 4 കോടി രൂപ ഒറ്റത്തവണയായി സ്വീകരിച്ച് വിവാഹ മോചനം തേടുകയെന്നത്. അവസാനം ഫ്ലാറ്റ് സ്വീകരിച്ച് യുവതി തീരുമാനത്തിലെത്തി. ദാനധർമ്മങ്ങളെ ആശ്രയിക്കരുതെന്നും സമ്പാദിക്കുകയും അന്തസ്സോടെ ജീവിക്കുകയും വേണമെന്ന ഉപദേശവും കോടതി യുവതിക്ക് നൽകി.