പാട്‌ന: ബിഹാറിൽ രസഗുള കിട്ടാത്തതിന് കൂട്ടത്തല്ല്. ബോധ് ഗയയിൽ നടന്ന വിവാഹാഘോഷത്തിലാണ് വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ ഏറ്റുമുട്ടിയത്. വിവാഹ റിസപ്ഷനിലെ കൂട്ടയടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നവംബർ 29നാണ് സംഭവം. റിസപ്ഷൻ ചടങ്ങിനായി വരനും കുടുംബവും അടുത്തുള്ള ഗ്രാമത്തിൽ നിന്ന് വധുവിന്റെ ബന്ധുക്കളൊരുക്കിയ വിരുന്ന് സൽക്കാരത്തിനെത്തി. വധുവും വരനും വേദിയിലിരിക്കെ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. ഒരു ഹോട്ടലിലാണ് വിവാഹസൽകാരം നടന്നത്. കുറച്ചുപേർ കഴിച്ചുകഴിഞ്ഞപ്പോൾ തന്നെ ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന രസഗുള തീർന്നു. പിന്നാലെ അടി തുടങ്ങി.
രസഗുളവേണമെന്ന് ആവശ്യപ്പെട്ട് ഉന്തും തള്ളും. തൊട്ടടുത്ത നിമിഷം കസേരകളെടുത്ത് അങ്ങോട്ടുമിങ്ങോട്ടും കൂട്ടയടി. പ്ലേറ്റുകൾ പരസ്‌പരം വലിച്ചെറിഞ്ഞും കസേരകൊണ്ടുള്ള അടിയിലും വരൻ്റെയും വധുവിൻ്റെയും ഒപ്പമെത്തിയവർക്ക് പരിക്കേറ്റിട്ടുണ്ട്. രസഗുളയാണ് എല്ലാ പ്രശ്നത്തിനും കാരണമായതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് സ്ഥിരീകരണം നടത്തി.
രസഗുളപ്രശ്നം പിന്നീട് വലിയ കുഴപ്പങ്ങളാണുണ്ടാക്കിയത്. വധുവിന്റെ വീട്ടുകാർ തരാമെന്ന് പറഞ്ഞ സമ്മാനങ്ങൾ തന്നില്ലെന്നും തങ്ങൾ കൊണ്ടുവന്ന ആഭരണങ്ങൾ ഉൾപ്പെടെ രസഗുള തല്ലിനിടയിൽ വരന്റെ വീട്ടുകാർ സ്വന്തമാക്കി എന്നുമെല്ലാം ആരോപണമുയർന്നു. രസഗുളപ്രശ്നത്തിൽ തുടങ്ങിയ അടിക്കുപിന്നാലെ പിണങ്ങിപ്പിരിഞ്ഞ വധൂവരൻമാർ വീണ്ടും ഒരുമിച്ച് ജീവിതമാരംഭിച്ചോ എന്നതടക്കമുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. പൊലീസെത്തിയാണ് രസഗുളയ്ക്ക് വേണ്ടി ഉണ്ടായ അടി തീർപ്പാക്കിയത്.