പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിൻ്റെ പേരിലാണ് 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. ബട്കോട്ടിൽ നിന്നുള്ള പർവേസ് അഹമ്മദ് ജോത്തറും ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറുമാണ് അറസ്റ്റിലായത്. ഇവർ പഹൽഗാം നിവാസികളെന്ന് എൻഐഎ അറിയിച്ചു.
മൂന്ന് ലഷ്കറെ ഭീകരരാണ് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തത് എന്ന് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് അഭയവും ഭക്ഷണവും ആയുധങ്ങളും സാധനങ്ങളും എത്തിച്ചു നൽകിയെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തി. അഭയം നൽകിയത് ഹിൽ പാർക്കിലെ ഒരു കുടിലിൽ എന്നും ഇവരുടെ മൊഴിയിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോണിവാലകൾ ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക ദൃക്‌സാക്ഷികളുൾപ്പെടെ 2000ലധികം പേരെ എൻഐഎ ചോദ്യം ചെയ്തതിരുന്നുവെന്ന് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു. കൂടാതെ ജമ്മു കശ്മീർ പൊലീസ് പ്രദേശത്തെ 100 ലധികം വീടുകളിൽ റെയ്‌ഡും നടത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും ബന്ധുക്കളെയും എൻഐഎ ചോദ്യം ചെയ്തു. തീവ്രവാദികളെക്കുറിച്ച് നിരവധി പ്രധാന കാര്യങ്ങൾ ഫെഡറൽ ഏജൻസിക്ക് മനസ്സിലായിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഫെഡറൽ ഏജൻസി സംഘങ്ങൾ സംഭവം അന്വേഷിക്കുന്ന തിരക്കിലാണെന്നും എൻഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.