പാലക്കാട്ടെ നിപ ബാധ; കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിർത്തികളിൽ പരിശോധന നടത്തുന്നു
അതിർത്തികളിൽ പരിശോധന നടത്തുന്നുSource: News Malayalam
Published on

പാലക്കാട് വീണ്ടും നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്. വാളയാര്‍, ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിലാണ് തമിഴ്‌നാടിന്റെ പരിശോധന. പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആള്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച 57 കാരന്റെ മകനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.

അതിർത്തികളിൽ പരിശോധന നടത്തുന്നു
സംസ്ഥാനത്ത് വീണ്ടും നിപ, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.

17 വാര്‍ഡുകളില്‍ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ശനമായ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച 57 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളും നിലവില്‍ ക്വാറന്റീനില്‍ ആണ്. അതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

ചങ്ങലീരി സ്വദേശിയായ 57കാരന്‍ പനി ബാധിച്ച് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ പനി കുറയാതെ വന്നതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതല്‍ വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ ജൂലൈ 12 ശനിയാഴ്ച മരണം സംഭവിച്ചു. നിപ രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38 കാരി നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജില്ലയിലെ 6 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. പിന്നാലെയാണ് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com