വാക്ക് പാലിച്ച് നിർമലാ സീതാരാമൻ; ധനക്കമ്മി 2025-26 വർഷത്തെ 4.4 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറച്ചു

ആദായ നികുതി നിയമം പരിഷ്കരിച്ചു കൊണ്ട് 'ഇൻകം ടാക്സ് ആക്ട് 2025' എന്ന പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Union Budget 2026
Published on
Updated on

ഡൽഹി: 2026ലെ കേന്ദ്ര ബജറ്റ് അവതരണത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിൻ്റെ ധനക്കമ്മി (Fiscal Deficit) കുറച്ചു കൊണ്ട് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായി കുറയ്ക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 2025-26 വർഷത്തിൽ ഇത് 4.4 ശതമാനമായിരുന്നു.

നികുതി ദായകർ ഏറെ കാത്തിരുന്ന ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള തീയതികളിൽ ഇത്തവണ മാറ്റമില്ല. ഐടിആർ 1, ഐടിആർ 2 എന്നിവ സമർപ്പിക്കേണ്ട വ്യക്തികൾക്ക് ജൂലൈ 31 വരെ സമയം ലഭിക്കും. ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകാർക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ റിട്ടേൺ സമർപ്പിക്കാവുന്നതാണ്. ആദായ നികുതി നിയമം പരിഷ്കരിച്ചു കൊണ്ട് 'ഇൻകം ടാക്സ് ആക്ട് 2025' എന്ന പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Union Budget 2026
"ഇത് അംബാനി-അദാനി ബജറ്റ്", "ധാതു ഖനനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്"; കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇടതുനേതാക്കൾ

അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ മൊത്തം ചെലവ് 53.5 ലക്ഷം കോടി രൂപയായിരിക്കും എന്ന് മന്ത്രി അറിയിച്ചു. നികുതി വരുമാനം 28.7 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപയുടെ ഫിനാൻസ് കമ്മീഷൻ ഗ്രാൻ്റും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്കാരിക വൈവിധ്യം കണക്കിലെടുത്ത് അവിടുത്തെ വിനോദ സഞ്ചാര വികസനത്തിനായി ബുദ്ധ സർക്യൂട്ട് പദ്ധതി ആരംഭിക്കും. കൂടാതെ പൂർവോദയ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഈസ്റ്റ് കോസ്റ്റ് ഡെവലപ്‌മെൻ്റ് കോറിഡോർ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റിൽ നിർദേശിച്ചു.

Union Budget 2026
കേന്ദ്ര-സംസ്ഥാന ബജറ്റിൽ ഇടംനേടി 'റെയർ എർത്ത് കോറിഡോർ': ഗുണം ആർക്ക്?

ബജറ്റ് 2026: പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ

2026-27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സാമൂഹിക ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ​ഗവൺമെൻ്റ് ധനകാര്യ വാഗ്ദാനങ്ങൾ തുടർച്ചയായി നിറവേറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി 2026-27ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം-ജിഡിപി അനുപാതം ജിഡിപിയുടെ 55.6 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2025-26ലെ റിവൈസ്‌ഡ് എസ്റ്റിമേറ്റിൽ ഇത് 56.1 ശതമാനമായിരുന്നു. കടം-ജിഡിപി അനുപാതം കുറയുന്നത് പലിശ തിരിച്ചടവിനുള്ള ചെലവ് കുറയ്ക്കുകയും മുൻഗണനാ മേഖലകളിലെ ചെലവുകൾക്കായി കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും.

കടം കുറയ്ക്കുന്നതിനുള്ള നടപടിക്രമം എന്ന രീതിയിൽ 2021-22 സാമ്പത്തിക വർഷം നിർമല സീതാരാമൻ പ്രഖ്യാപിച്ച ധനക്കമ്മി കുറയ്ക്കൽ വാഗ്ദാനം പാലിച്ചെന്നാണ് മന്ത്രി ഇന്ന് ലോക്സഭയെ അറിയിച്ചത്. 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിന് താഴെയാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. അത് പ്രകാരം വാഗ്ദാനം നിറവേറ്റിയതായി മന്ത്രി പാർലമെൻ്റിനെ അറിയിച്ചു. 2025-26ലെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ ധനക്കമ്മി ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനവും, 2026-27ലെ ബജറ്റ് എസ്റ്റിമേറ്റുകളിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

2025-26ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ (RE)

കടമിതര വരുമാനത്തിന്റെ റിവൈസ്‌ഡ് എസ്റ്റിമേറ്റ് 34 ലക്ഷം കോടി രൂപയാണ്. ഇതിൽ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 26.7 ലക്ഷം കോടി രൂപയാണ്. ആകെ ചെലവിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് 49.6 ലക്ഷം കോടി രൂപയാണ്. അതിൽ മൂലധനച്ചെലവ് ഏകദേശം 11 ലക്ഷം കോടി രൂപയാണെന്നും 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ പ്രകാരം ധനമന്ത്രി അറിയിച്ചു.

2026-27ലെ ബജറ്റ് എസ്റ്റിമേറ്റുകൾ (BE)

"കടമിതര വരുമാനം 36.5 ലക്ഷം കോടി രൂപയായും, ആകെ ചെലവ് 53.5 ലക്ഷം കോടി രൂപയായും കണക്കാക്കുന്നു. കേന്ദ്രത്തിൻ്റെ അറ്റ നികുതി വരുമാനം 28.7 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു" കേന്ദ്രമന്ത്രി പ്രസ്താവിച്ചു.

മൊത്ത വിപണി കടമെടുപ്പുകൾ

"ധനക്കമ്മി നികത്തുന്നതിനായി, ഡേറ്റഡ് സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ വിപണി കടമെടുപ്പ് 11.7 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി തുക ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം വിപണി കടമെടുപ്പ് 17.2 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു," കേന്ദ്ര ധനമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com