

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ, പ്രള്‍ഹാദ് ജോഷിക്ക് അധിക ചുമതല നല്‍കി ഉത്തരവായി. നിലവില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രിയായ പ്രള്‍ഹാദ് ജോഷി വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുതമല കൂടി വഹിക്കും. അതേസമയം, പ്രധാന്റെ രാജിക്കു പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കുമെന്ന സൂചനകളും ശക്തമാകുന്നുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പോ ശേഷമോ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും സംഘടനാ ചുമതലകളിലേക്ക് മടങ്ങും. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുകയും, പ്രധാന്റെ രാജി ആവശ്യം ഉയരുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയായിരുന്നു. സമരനാളില്‍ പ്രധാനെ ഒഴിവാക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ പ്രധാന്‍ രാജിവച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിതിൻ നബീനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നതിനു പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എൻഡിഎയിൽ അടുത്തിടെ ചേർന്ന സഖ്യകക്ഷികളെ പരിഗണിക്കുന്നതിന്റെ പുനഃസംഘടന അനിവാര്യമായിരുന്നു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജോർജ് കുര്യൻ സഹമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം രവനീത് സിങ് ബിട്ടുവും സഹമന്ത്രി പദവി ഒഴിഞ്ഞിരുന്നു. ഇതിനുപുറമെ പതിനേഴോളം മുതിർന്ന ഉദ്യോഗസ്ഥരെയും സർക്കാർ മാറ്റി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം പുനഃസംഘടന ലക്ഷ്യമിട്ടാണെന്നാണ് സൂചന.
പ്രധാന്റെ സ്ഥാനത്തേക്ക് നിലവിലെ ധനമന്ത്രി നിർമല സീതാരാമനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുന്‍ വിദ്യാഭ്യാസ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. നിര്‍മല മാറിയാല്‍, ധനമന്ത്രി സ്ഥാനത്തേക്ക് റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിന്റെ പേരാണ് മുൻനിരയിൽ. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഈ സ്ഥാനത്തേക്കുള്ള പ്രധാന പരിഗണനയിലുണ്ട്.
ആം ആദ്മി പാർട്ടി വിട്ടെത്തിയ രാഘവ് ഛദ്ദയും മന്ത്രിസഭയിലെത്തും. നിര്‍മലയെ തഴഞ്ഞാല്‍ വിദ്യാഭ്യാസ വകുപ്പ് ഛദ്ദയ്ക്കാവും ലഭിക്കുക. ശിവസേനയുടെ ഉദ്ധവ് വിഭാഗത്തിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കോ എൻഡിഎയിലേക്കോ എത്തിയ നേതാക്കൾക്കും അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും ശിവസേന നേതാവുമായ ഡോ. ശ്രീകാന്ത് ഷിൻഡെയ്ക്കാണ് പ്രഥമ പരിഗണന.
അതേസമയം, മന്ത്രിസഭാ പുനഃസംഘടന നടന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉപപ്രധാനമന്ത്രിയാക്കാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷമുള്ള ബിജെപിയുടെ ദേശീയ നേതൃത്വം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നത്. സര്‍ക്കാരോ പാര്‍ട്ടിവൃത്തങ്ങളോ ഇക്കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.