

രണ്ട് പതിറ്റാണ്ടോളം ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പടിയിറങ്ങി. മന്ത്രിസഭ പിരിച്ചുവിട്ട ശേഷം ഇന്ന് ഉച്ചയ്ക്ക് ലോക് ഭവനിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈന് അദ്ദേഹം രാജി കൈമാറി. നിലവിൽ ബിഹാറിലെ ഉപമുഖ്യമന്ത്രിമാരിലൊരാളായിരുന്ന സാമ്രാട്ട് ചൗധരി ബിഹാറിലെ അടുത്ത മുഖ്യമന്ത്രിയായി അധികാരമേൽക്കും. നാളെ പട്നയിൽ വച്ചാണ് സത്യപ്രതിജ്ഞ.
ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലേറും. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ബിഹാർ മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം. നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, നിഷാന്ത് കുമാറിന് ഉപമന്ത്രിസ്ഥാനം നൽകിയേക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ട് ജെഡിയു ഉപമുഖ്യമന്ത്രിമാരും മന്ത്രിസഭയിലുണ്ടാകും.
കഴിഞ്ഞയാഴ്ച നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മാർച്ച് 16 നായിരുന്നു നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രി കസേരയിലെത്തി, വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങുന്നത്.