പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; 22 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും
പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; 22 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും
Image: ANI
Published on
Updated on

പട്‌ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഇരുപത്തിരണ്ട് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍, ജെഡിയുവില്‍ നിന്ന് പത്ത് പേര്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാം വിലാസ്), ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എമാരാകും ഉണ്ടാകുക.

സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ, നിതിന്‍ നവീന്‍, രേണു ദേവി, മംഗല്‍ പാണ്ഡേ, നീരജ് ബാബു, സഞ്ജയ് സാരവാഗി, ഹരി സാഹ്നി, രജനീഷ് കുമാര്‍ എന്നിവരാകും ബിജെപിയില്‍ നിന്ന് നാളെ സത്യപ്രതിജ്ഞ ചെയ്യുക. ഒമ്പത് പേരില്‍ എട്ട് പേര്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

രണ്ട് ഭൂമിഹാര്‍ നേതാക്കളെയും, ഇബിസിയില്‍ നിന്നുള്ള രണ്ട് പേരെയും, ബ്രാഹ്‌മണ, രജപുത്ര സമുദായങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജാതി സന്തുലിതമാക്കാനാണ് ബിജെപി ശ്രമം. കായസ്ഥ, വൈശ്യ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജെഡിയുവില്‍ നിന്ന് വിജയ് ചൗധരി, ശര്‍വന്‍ കുമാര്‍, അശോക് ചൗധരി, സമ ഖാന്‍, രത്‌നേഷ് സദ, ലേഷി സിങ്, ബിജേന്ദര്‍ യാദവ്, ശ്യാം രജക്, സുനില്‍ കുമാര്‍, ദാമോദര്‍ റാവത്ത് എന്നിവരാകും നാളെ സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ എട്ട് പേര്‍ മുന്‍ മന്ത്രിസഭയിലുമുണ്ടായിരുന്നു.

ദളിത് വിഭാഗത്തില്‍ നിന്ന് നാല് പേരേയും മുസ്ലീം, യാദവ, ഇബിസി, രജ്പുത്, ബ്രാഹ്‌മണ വിഭാഗത്തേയും ഉള്‍ക്കൊള്ളിച്ചാണ് ജെഡിയു പട്ടിക.

എല്‍ജെപിയില്‍ നിന്ന് ബ്രാഹ്‌മണ വിഭാഗത്തില്‍പെട്ട രാജു തിവാരിയാണ് സത്യപ്രതിജ്ഞ ചെയ്യുക. ജിതന്‍ റാം മഞ്ചിയുടെ മകന്‍ സന്തോഷ് സുമനും ഉപേന്ദ്ര കശ്യപിന്റെ ഭാര്യ സ്‌നേഹലത കുശ്വാഹയും സത്യപ്രതിജ്ഞ ചെയ്യും.

പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും. പട്‌നയിലെ ഗാന്ധി മൈദാനില്‍ വൈകിട്ടാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com