

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ ജെഡിയു അംഗത്വം സ്വീകരിച്ചു. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോകുന്നതോടെയാണ് മകൻ്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.
എഞ്ചിനീയറായിരുന്ന നിഷാന്ത് കുമാർ ഇതുവരെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നിരുന്നില്ല. സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ നിഷാന്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം വ്യക്തിപരമാണെന്നും പ്രതികരിച്ചു. ഏറ്റവും കൂടുതൽ കാലം ബിഹാറിൻ്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ മാർച്ച് 16 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്.
കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരായി നിലപാട് സ്വീകരിച്ചിരുന്ന നിതീഷ് കുമാർ ഒടുവിൽ താൻ സ്ഥാനമൊഴിയുന്നതോടെ മകനെ രാഷ്ട്രീയത്തിലേക്ക് വരാൻ അനുവദിച്ചിരിക്കുന്നുവെന്നു വേണം കരുതാൻ. നിഷാന്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെ മുതിർന്ന ജെഡിയു നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. പിതാവ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് മാറുന്നതോടെ ബിജെപി-ജെഡിയു സർക്കാരിൽ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിഷാന്തിൻ്റെ ജെഡിയു പ്രവേശനം.