അതിർത്തിയിൽ വെടിവെപ്പുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ നിഷേധിച്ച സൈന്യം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.
"പൂഞ്ച് മേഖലയിൽ വെടിനിർത്തൽ ലംഘനം നടന്നതായി ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക," സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി നേരത്തെ പിടിഐ അടക്കമുള്ള വാർത്ത ഏജൻസികളും മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. പാകിസ്ഥാൻ്റെ പ്രകോപനത്തിന് ഇന്ത്യ തിരിച്ചടിച്ചതായും 15 മിനുട്ടോളം ഏറ്റുമുട്ടൽ നീണ്ടുനിന്നതായും ആയിരുന്നു വാർത്ത. എന്നാൽ, അത് നിഷേധിച്ച് സൈന്യം രംഗത്തെത്തുകയായിരുന്നു.