
മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഹിമാചലിലും, ജമ്മുവിലും, ഡൽഹിയിലും കനത്ത മഴ തുടരുന്നു. യമുന നദിയുൾപ്പടെ പ്രധാന നദികളിൽ ജലനിരപ്പ് അപകട നില കടന്നു. പഞ്ചാബിൽ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്, ഹൈവേകളിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. ഡൽഹിയിലുൾപ്പടെ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ഉത്തരേന്ത്യയിൽ കലി തുള്ളി പെയ്യുന്ന മഴയിൽ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.ജമ്മു വിലെ രജൌരി , സാംബ എന്നിവടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 19 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശ്രീ നഗറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനജീവിതം ദുസഹമാക്കി. മിന്നൽ പ്രളയത്തെ തുടർന്ന് അടച്ചിട്ട മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര വിലക്ക് തുടരുകയാണ് .
സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടർന്ന് പഞ്ചാബിലും സ്ഥിതി രൂക്ഷമാണ്. മരണം 29 ആയി. ഇതുവരെ 2.56 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു .പത്താൻകോട്ട്, ഗുരുദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, അമൃത്സർ എന്നിവയുൾപ്പെടെ പന്ത്രണ്ട് ജില്ലകൾ പ്രളയ കെടുതിയിലാണ്. എൻഡിആർഎഫ്, ആർമി, ബിഎസ്‌എഫ്, പഞ്ചാബ് പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹരിയാനയിലെ ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഏഴ് കിലോമീറ്റർ ദൂരത്തിൽ മൂന്ന് മണിക്കൂറോളം സമയമാണ് വാഹനങ്ങൾ കുടുങ്ങി. മഴ കനത്ത സാഹചര്യത്തിൽ സ്കൂളുകളും, ഓഫീസുകളും ഓൺലൈൻ ക്ലാസ്സുകളും, വർക്ക് ഫ്രം ഹോം സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഉകിരാത്പൂർ-മണാലി നാലുവരി പാത ഉൾപ്പെടെ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിൽ താഴ്ന്ന പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗത കുരുക്ക് രൂക്ഷമായി ഡൽഹിയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖ മറികടന്നു.